എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

Tuesday 17 March 2026 11:29 PM IST

ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. 'മായമനുഷ്യർ" എന്ന നോവലിനെ മുൻനിറുത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് 31ന് ഡൽഹിയിൽ സമ്മാനിക്കും. ഇതടക്കം 24 ഭാഷകളിലെ വിവിധ സാഹിത്യ കൃതികൾക്കുള്ള അവാർഡ് പ്രഖ്യാപനം ഡിസംബർ 18ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് മാറ്റിയിരുന്നു. അന്നത്തെ പട്ടികയിൽ മാറ്റം വരുത്താതെയാണ് ഇന്നലെ വീണ്ടും പ്രഖ്യാപിച്ചത്.

ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് പ്രഭാകരൻ. ഡോ. എ. എം. ഉണ്ണികൃഷ്‌ണൻ, ഡോ. കെ. ജയകുമാർ, ഡോ. പദ്‌മനാഭൻ കാവുമ്പായ് എന്നിവരടങ്ങിയ ജൂറിയാണ് മായാമനുഷ്യർ തിരഞ്ഞെടുത്തത്. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പ്രഭാകരൻ കഥ, നോവൽ, തിരക്കഥ തുടങ്ങി 20 കൃതികൾ പ്രസിദ്ധീകരിച്ചു. പുലിജന്മം എന്ന നാടകം അടക്കം മൂന്നു കൃതികൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.