ഇരകൾക്ക് നഷ്ടപരിഹാരം ട്രഷറിയിൽ നിന്ന് ഈടാക്കും #ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാവണം

Tuesday 17 March 2026 1:42 AM IST

കൊച്ചി: ലൈംഗികാതിക്രമം അടക്കമുളള കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക ഒരാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി.

ഹർജി വീണ്ടും പരിഗണിക്കുന്ന 23ന് ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരായി തുക നൽകാത്തതിന് വിശദീകരണം നൽകണമെന്നും

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം 2022 മുതൽ 47 കോടിയും മീഡിയേറ്റർമാരുടെ ഫീസ് ഇനത്തിൽ 10 കോടിയും നൽകാനുണ്ട്. ഇത് മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

വിശദീകരണം നൽകാൻ ആഭ്യന്തര സെക്രട്ടറി ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. തുക അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്ന് ഓൺലൈനിൽ ഹാജരായ ആഭ്യന്തര സെക്രട്ടറി വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ സെക്രട്ടറി ഹാജരാകാൻ നിർദ്ദേശിച്ചത്.

സർക്കാരിന്റെ

ഉത്തരവാദിത്വം

പിഴത്തുക, സംഭാവന തുടങ്ങിയവ ലഭിക്കാത്തതാണ് നഷ്ടപരിഹാരം നൽകുന്നതിന് തടസമെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളി. ചട്ടങ്ങളടക്കം വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ അഭിഭാഷക അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. തുക അനുവദിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുവദിച്ചശേഷം മതി വാദമെന്നും കോടതി നിലപാടെടുത്തു. ആഭ്യന്തര സെക്രട്ടറി നേരിട്ട് എത്താത്തതിലും അതൃപ്തി രേഖപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ മാർച്ച് 11നു ചീഫ് ജസ്റ്റിസ് വിളിച്ച കെൽസ യോഗത്തിൽ ധനകാര്യ സെക്രട്ടറിക്ക് പകരം പ്രതിനിധിയെ അയച്ചത് ഉചിതമായില്ലെന്നും പറഞ്ഞു.