ഭിന്നശേഷിക്കാർക്കായി ലോ ഫ്ലോർ ബസുകളിൽ വീൽചെയർ ഇൻ

Monday 21 October 2019 10:04 PM IST

കണ്ണൂർ: ഭിന്നശേഷിക്കാർക്ക് ലോ ഫ്ലോർ ബസുകളിൽ സുഖസഞ്ചാരം ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

വീൽചെയർ ഉൾപ്പെടെയുള്ളവ കയറ്റി വയ്ക്കുന്നതിനുള്ള സംവിധാനം കെ.യു.ആർ.ടി.സി ലോ ഫ്ലോർ ബസുകളിൽ ഒഴിവാക്കിയതിനെ തുടർന്ന് ഭിന്നശേഷിക്കാർക്കുണ്ടായ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാർത്ഥിയുടെ വീൽചെയർ ബസിൽ നിന്നു പുറത്തേക്ക് തെറിച്ച വീണിരുന്നു.

വീൽ ചെയർ വയ്ക്കാനുള്ള സൗകര്യങ്ങളോടെയാണ് കെ.യു.ആർ.ടി.സി ബസുകൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഭിന്നശേഷിക്കാർക്ക് കയറാനായി റാമ്പും വീൽചെയർ ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഈ സ്ഥലത്ത് സീറ്റ് ഘടിപ്പിച്ചത് ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. വീൽ ചെയറുമായി ബസിൽ കയറുന്ന യാത്രക്കാരന് വീൽചെയറിൽ തുടർന്നും ഇരിക്കുന്നതിനും ബസിൽ ലോക്ക് ചെയ്യുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.