കസവിൽ കൊന്നപ്പൂവ് തുന്നി ഡോ. ദ്രൗപദി!
കൊല്ലം: വിഷുക്കാലമെത്തുമ്പോൾ ഡോ.ദ്രൗപദി കൈവശമുള്ള കസവ് തുണികളിൽ കണിക്കൊന്ന പൂത്തു തുടങ്ങും! സ്റ്റെതസ്കോപ്പ് മാറ്റിവച്ച്, കൈത്തുന്നലിലേക്ക് ഡോക്ടർ മാറുമ്പോൾ ആറുമാസം മുതൽ എട്ട് വയസുവരെയുള്ള കുട്ടികൾക്ക് മനോഹരമായ വിഷുവസ്ത്രങ്ങൾ റെഡി.
450 മുതൽ 1250 വരെ വിലയിട്ട് 'ദീർഘസൂത്ര' എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വിപണി കണ്ടെത്തിയതോടെ വരുമാനം ലക്ഷങ്ങളിലേക്ക് കുതിച്ചു. പ്രവാസി മലയാളികളടക്കം ഓർഡർ നൽകിത്തുടങ്ങിയപ്പോൾ സംരംഭം ഹിറ്റായി. അക്കോബ സ്പെഷ്യൽ കോട്ടൺ തുണികളിലും മറ്റ് ആകർഷകമായ മെറ്റീരിയലുകളിലും വസ്ത്രങ്ങൾ ലഭ്യമാണ്.
ചെന്നൈയിൽ നിന്ന് നേരിട്ടെത്തിക്കുന്ന തുണികൾ ഉപയോഗിച്ച് വീട്ടിലിരുന്നാണ് (കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തെ ആഞ്ഞിലിറോഡ്, കിഴക്കില്ലം) ഡോ.ദ്രൗപദി വിഷുവസ്ത്രങ്ങൾ തുന്നുന്നത്. ഡിസൈൻ ചെയ്യുന്നത് മുതൽ തുന്നുന്നതും വിപണനം നടത്തുന്നതും ഡോക്ടർ നേരിട്ടാണ്. വലിയ ഓർഡറുകൾ വരുമ്പോൾ മാത്രം സഹായത്തിന് ആളെക്കൂട്ടും. ദിവസം എട്ട് വസ്ത്രങ്ങൾ വരെ തയ്യാറാക്കുന്നുണ്ട്. കൊല്ലത്തും എറണാകുളത്തും നടത്തിയ എക്സിബിഷനുകളിൽ ശ്രദ്ധ നേടിയിരുന്നു. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രദർശനത്തിനായുള്ള തയ്യാറെടുപ്പിലാണ് കൊട്ടാരക്കര മൈലം ഡോ. മുരളീസ് ക്ലിനിക്കിലെ ഡോ.ദ്രൗപദി.
ഡോക്ടർ സംരംഭക
ഒന്നര ലക്ഷത്തിലധികം ശസ്ത്രക്രിയകൾ നടത്തി ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ കൊട്ടാരക്കര നീലമന ഇല്ലത്തെ ഡോ.എൻ.എൻ.മുരളിയുടെയും യോഗവതി അന്തർജ്ജനത്തിന്റെയും (ഗീത) മകളാണ് ഡോ.എൻ.എം.ദ്രൗപദി. സ്കൂൾ, യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ കലാതിലകപ്പട്ടം ദ്രൗപദിയും അനുജത്തി ഡോ.പദ്മിനിയും നേടിയിട്ടുണ്ട്. എം.ബി.ബി.എസിന് ശേഷം ഇരുവരും നൃത്തത്തിലേക്കു മാറി. ദ്രൗപദി ഒഴിവുവേളകളിൽ കൗതുകത്തിന് തുടങ്ങിയ ബാഗ്, കളിപ്പാവ, കമ്മൽ നിർമ്മാണം എന്നിവ ഇപ്പോൾ വലിയ വരുമാനം നൽകുന്ന ബിസിനസായി വളർന്നു. ഭർത്താവ് പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ.പ്രവീൺ നമ്പൂതിരി പ്രോത്സാഹനവുമായി ഒപ്പമുണ്ട്.