അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലയിൽ ഒരു പോളിംഗ് ബൂത്ത്

Tuesday 17 March 2026 12:25 AM IST

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിൽ ഒരു പോളിംഗ് ബൂത്ത് സജ്ജമാക്കും. കൊല്ലം കോർപ്പറേഷൻ പരിധിയിൽ ബൂത്ത് സജ്ജമാക്കേണ്ട സ്ഥലം തിരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങി.

വോട്ടർമാർക്ക് ഇരിക്കാൻ കസേര, ഭിന്നശേഷിക്കാർക്കുള്ള റാമ്പ്, വിശ്രമിക്കാൻ പ്രത്യേക ഇടം, അവിടെ ഫാൻ, ടെലിവിഷൻ, മുലയൂട്ടാനുള്ള സൗകര്യം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാകും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബൂത്തിലുണ്ടാവുക. അതിന് പുറമേ എല്ലാ മണ്ഡലങ്ങളിലും ഓരോ പിങ്ക്, ഭിന്നശേഷി സൗഹൃദ ബൂത്തുകളുമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റനിലയിൽ നടത്തുന്നതിനുള്ള ആദ്യഘട്ട ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയായി. തെറ്റിദ്ധാരണാജനകമായ പ്രചാരണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാദ്ധ്യമനിരീക്ഷണത്തിൽ സാമൂഹികമാദ്ധ്യമങ്ങളുടെ ഇടപെടലുകളും നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കർശനനിരീക്ഷണത്തിന് വിധേയമാക്കും. എല്ലാ ബൂത്തുകളിലും ഹരിതചട്ടം നിർബന്ധമാക്കും. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കും

പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസ് പരഞ്ഞു.

സ്വീപ് (സിസ്റ്റമാറ്റിക് വോട്ടഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) വിനിയോഗിച്ചാകും പ്രചാരണ പരിപാടികൾ. യുവതയെ വോട്ടുചെയ്യാൻ ആക‌ർഷിക്കാനുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ കോളജുകൾ, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ.

ജില്ലയിൽ പോളിംഗ് ശതമാനം

2021- 73.16 %

2016- 75.07 %

2011- 72.82 %