വീട്ടിലെ ചായകുടിയും മുടങ്ങും; കേരളം നേരിടുന്നത് ഗുരുതര പ്രതിസന്ധി

Tuesday 17 March 2026 12:39 AM IST

തിരുവനന്തപുരം: പൊരിവെയിലില്‍ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാല്‍ ഉത്പാദനം ഇടിയുന്നു. പ്രതിദിനം 18.5 ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്.

കര്‍ണാടക,ആന്ധ്ര പ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മള്‍ട്ടി കോ-ഓപ്പറേറ്റീവ് ഡയറികളില്‍ നിന്നും പാല്‍ വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. പുറമെ തൈര്, നെയ്യ്, മറ്റുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അധികം പാല്‍ ആവശ്യമാണ്. തമിഴ്നാട്ടിലും പാല്‍ ഉത്പാദനം കുറഞ്ഞതിനാലാണ് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

തിരുവനന്തപുരം മേഖലയില്‍ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന . അതില്‍ രണ്ടര ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരത്ത് കുറവ് വരുന്ന പാല്‍ മുമ്പ് മലബാര്‍ മേഖലയില്‍ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു.

വേനല്‍ കടുക്കുന്നതോടെ ഇനിയും കൂടുതല്‍ പാല്‍ എത്തിക്കേണ്ട അവസ്ഥയാണ്. അന്തരീക്ഷ താപനില കൂടുന്നതും സംസ്ഥാനത്ത് പാല്‍ ഉത്പാദനം കുറച്ചു.

പാല്‍ ഉത്പാദനം കുറയാതിരിക്കാന്‍

വേനല്‍കാലത്ത് പശുക്കള്‍ക്ക് ധാരാളം വെള്ളം കൊടുക്കുക. തീറ്റയില്‍ വ്യതിയാനമുണ്ടാവരുത് ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാന്‍ പരുത്തിക്കുരു,സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തുക പച്ചപ്പുല്ല് കുറവാണെങ്കില്‍ പച്ചിലകള്‍, ഈര്‍ക്കില്‍ കളഞ്ഞ ഓല എന്നിവ നല്‍കുക. ദിവസവും കുളിപ്പിക്കുക താപനില കൂടുന്നത് സങ്കരയിനം കന്നുകാലികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും ദിവസവും പശുക്കളെ കുളിപ്പിക്കണം, വെയിലത്ത് കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്