ഈ ബൂത്ത് എന്നും 'ഒന്നാമൻ'
കാസർകോട്: ഏതു തിരഞ്ഞെടുപ്പ് നടന്നാലും കേരള, കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ ഒന്നാം നമ്പർ ബൂത്തായിരിക്കും.
സ്കൂളിൽ നിന്ന് 500 മീറ്റർ നടന്നാൽ കർണാടകമായി. മലയാളം, കന്നഡ, ഉറുദു, തുളു, ബ്യാരി, ഹിന്ദി, അറബി എന്നിങ്ങനെ ഏഴു ഭാഷകൾ സംസാരിക്കുന്നവരാണ് ഇവിടത്തെ വോട്ടർമാർ. തികച്ചും സപ്തഭാഷകളുടെ സംഗമഭൂമി. മലയാളം ''സ്വൽപ്പ, സ്വൽപ്പ' അറിയുന്നവരാണ് ഏറെയും. അതിർത്തി പ്രദേശമായതിനാൽ സായുധസേനയുടെ സുരക്ഷാവലയത്തിലാണ് ഈ ബൂത്തിൽ ഇന്നലെയും വോട്ടെടുപ്പ് നടന്നത്.
ഒന്നാം നമ്പർ ബൂത്തായതുകൊണ്ടാവാം സഹകരണത്തിലും ഇവിടെ മുന്നണികൾ ഒന്നാമതാണ്. ബൂത്ത് ഏജന്റുമാരും ബൂത്ത് കെട്ടുന്നവരുമൊക്കെ മറ്റെങ്ങുമില്ലാത്ത വിധം സൗഹൃദത്തിലാണ്. മുഴുവൻ വോട്ടുകളും പോൾ ചെയ്യിപ്പിക്കുന്നതിൽ മാത്രമേ മത്സരമുള്ളൂ. 1328 വോട്ടർമാരുള്ള ബൂത്തിൽ രാവിലെ 11ന് മുമ്പ് തന്നെ 338 പേർ വോട്ട് ചെയ്തിരുന്നു.