പറവൂരിൽ കൂളായി വി.ഡി. സതീശൻ

Tuesday 17 March 2026 3:14 AM IST

കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുള്ള വി.ഡി.സതീശനെ പറവൂരിൽ തോൽപ്പിക്കാൻ വഴിതേടുകയാണ് എൽ.ഡി.എഫും എൻ.ഡി.എയും. എന്നാൽ, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിക്കുന്ന സതീശനാകട്ടെ, തെല്ലും ആശങ്കയില്ല. ഇക്കുറി പറവൂർ സീറ്റ് ഏറ്റെടുക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറായില്ല. നിരവധിപേരെ പരിഗണിച്ചശേഷമാണ് കൈപ്പമംഗലത്തെ എം.എൽ.എ ഇ.ടി.ടൈസണെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്. അദ്ദേഹം പ്രചാരണം ആരംഭിച്ചു.

പുനർജനി പദ്ധതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയുള്ള പ്രചാരണമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. സതീശന്റെ തോൽവിയാണ് ബി.ജെ.പിയുടെയും ലക്ഷ്യം. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ മുൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും. അതേസമയം, ബി.ഡി.ജെ.എസ് മണ്ഡലം വിട്ടുനൽകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

1996ലെ ആദ്യമത്സരത്തിൽ മാത്രമാണ് സതീശൻ പറവൂരിൽ തോൽവി അറിഞ്ഞത്. സി.പി.ഐയുടെ പി.രാജുവാണ് തോൽപ്പിച്ചത്. 2001ൽ പി.രാജുവിനെ തോൽപ്പിച്ച് സതീശൻ ആദ്യജയം സ്വന്തമാക്കി. 2011ൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടിന് തോൽപ്പിച്ചു. 2016ൽ പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ 20,634 വോട്ടിനും തോൽപ്പിച്ചു. 2021ൽ എം.ടി.നിക്‌സണെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം 22,000 വോട്ടായി. ഇക്കുറി ഭൂരിപക്ഷം വർദ്ധിക്കുമെന്നതിൽ സംശയമില്ലെന്ന് സതീശൻ പറയുന്നു.

പുനർജനി ഉൾപ്പെടെ എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വിജിലൻസും കോടതിയും തള്ളിയതാണ്. പറവൂരിലെ ജനങ്ങൾക്ക് സത്യമറിയാം. എൽ.ഡി.എഫിന്റെ പ്രചാരണം ഫലിക്കില്ലെന്ന് സതീശൻ പറഞ്ഞു. സംഘപരിവാർ ഉയർത്തുന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളുന്നു. വർഗീയതയ്‌ക്കെതിരായ നിലപാട് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.