പാലക്കാട്ട് ഹോട്ടൽ വ്യവസായി സി.പി.എം സ്വതന്ത്രൻ?

Tuesday 17 March 2026 1:15 AM IST

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത നീക്കവുമായി സി.പി.എം. പ്രമുഖ ഹോട്ടൽ വ്യവസായിയും എൻ.എം.ആർ ഗ്രൂപ്പിന്റെ ഉടമയുമായ എൻ.റസാഖിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ ആലോചന. ഇന്നലെ റസാഖ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ടിരുന്നു.

രമേഷ് പിഷാരടിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പിയും കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലത്തിൽ, പൊതുസമ്മതനെ നിറുത്തി വിജയസാദ്ധ്യത വർദ്ധിപ്പിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പാലക്കാട്ട് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹചര്യത്തിലാണ് സി.പി.എം പുതിയ തന്ത്രങ്ങൾ മെനയുന്നത്.

ഹോട്ടൽ വ്യവസായരംഗത്തെ പ്രമുഖനായ റസാഖിന് മണ്ഡലത്തിലുള്ള സ്വാധീനവും പ്രവാസി മേഖലയിലെ ബന്ധങ്ങളും ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.