ഡോക്ടർമാരുടെ പ്രതിഷേധം: ഇന്നുമുതൽ സ്‌പെഷ്യാലിറ്റി ഒ.പികൾ ബഹിഷ്കരിക്കും

Tuesday 17 March 2026 2:44 AM IST

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ഡോക്ടറെ അന്യായമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഇന്നുമുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സ്‌പെഷ്യാലിറ്റി ഒ.പി ബഹിഷ്കരിക്കുമെന്നും ജില്ലാ പ്രസിഡന്റ് ഡോ.സുനിത.എൻ, സെക്രട്ടറി ഡോ.ഷീജ.എം.പി എന്നിവർ അറിയിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ് സമരം.ഇതോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. ഇതോടെ താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയ്ക്കെത്തുന്നവർ വലയും. സ്‌പെഷ്യാലിറ്റി ഒ.പി ബഹിഷ്കരിച്ച് ജനറൽ ഒ.പിയുടെ ഭാഗമായി പ്രവർത്തിക്കും. സമരം ശക്തമാക്കുന്നതിന്റെറ ഭാഗമായാണ് ഇന്നു മുതൽ അനിശ്ചിതകാല ബഹിഷ്കരണം. നെടുമങ്ങാട് സംഭവത്തിൽ പ്രാഥമിക വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ ചികിത്സാപ്പിഴവില്ലെന്ന് വ്യക്തമായി കണ്ടെത്തിയിട്ടും ഡോക്ടറെ അന്യായമായാണ് സസ്‌പെൻഡ് ചെയ്തതെന്ന് സംഘടന ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ മാനവവിഭവശേഷിയും ഇല്ലാത്ത ആശുപത്രികളിൽ പ്രസവ ശുശ്രൂഷ തുടരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.