അഞ്ച് കോടി ബംബറടിച്ച ടിക്കറ്റ് അടിച്ചുമാറ്റിയോ?
Tuesday 22 October 2019 12:00 AM IST
തളിപ്പറമ്പ്: സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപയുടെ മൺസൂൺ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തർക്കം. ടിക്കറ്റ് തട്ടിയെടുത്തതാണെന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി ഫലം വരുമ്പോൾ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനാർഹമായ ടിക്കറ്റ്. അജിതൻ അത് കനറാ ബാങ്കിന്റെ പുതിയതെരു ശാഖയിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ, കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുനിയനാണ് പരാതിയുമായി രംഗത്ത് വന്നത്. ബംബർ സമ്മാനമടിച്ച ടിക്കറ്റ് തന്റേതാണെന്ന് പരാതിയിൽ പറയുന്നു. ടിക്കറ്റെടുത്തയുടൻ ലോട്ടറിക്ക് പിറകിൽ തന്റെ പേര് എഴുതി വച്ചിരുന്നു. ചിലർ ടിക്കറ്റ് കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ച്ചു കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തെന്നാണ് പരാതി. ടിക്കറ്റ് വില്പന നടത്തിയ ഏജന്റിൽ നിന്ന് തളിപ്പറമ്പ് പൊലീസ് മൊഴിയെടുത്തു.