ബാങ്കുകൾ ജപ്തി ചെയ്ത നിക്ഷേപം തിരികെ കൈമാറണം 

Tuesday 17 March 2026 3:01 AM IST

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പു കേസുകളിൽ ജപ്തി ചെയ്ത നിക്ഷേപം കൈമാറാത്ത ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സർക്കാർ. ബഡ്സ് ആക്ട് പ്രകാരം ജപ്തി ചെയ്ത നിക്ഷേപത്തുക കൈമാറാതിരിക്കുകയോ വൈകുകയോ ചെയ്താൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും ബഡ്സ് ആക്ട് അതോറിറ്റിയുമായ ബിശ്വനാഥ് സിൻഹ ബാങ്കുകൾക്ക് സർക്കുലർ അയച്ചു.

ദേശസാൽകൃത , സഹകരണ ,സ്വകാര്യ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് മുന്നറിയിപ്പ്. തട്ടിപ്പ് കേസുകളിൽ നിക്ഷേപ തുക ജനങ്ങൾക്ക് തിരികെ നൽകാനാണ് തട്ടിപ്പ് നടത്തിയവരുടെ സ്ഥാവര ജംഗമ വസ്തുക്കളും ബാങ്കുകളിലെ നിക്ഷേപവും ജപ്തി ചെയ്യുന്നത്. ബഡ്സ് നിയമം നടപ്പാക്കാനുള്ള കോടതികളുടെ ഉത്തരവുണ്ടായിരുന്നിട്ടും ബാങ്കുകൾ ജപ്തി ചെയ്ത നിക്ഷേപ തുക അതോറിറ്റിക്ക് കൈമാറാൻ തയാറായിട്ടില്ല. നടപടിക്രമങ്ങളും തട്ടിപ്പു നടത്തിയവരുടെ മറ്റ് ബാധ്യതകളും ചൂണ്ടിക്കാട്ടിയാണിത്. നിക്ഷേപകർക്ക് യഥാസമയം പണം തിരികെ നൽകുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

നിക്ഷേപക സ്ഥാപനത്തിന്റെ കടങ്ങൾ, സെസുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട മറ്റ് നിരക്കുകൾ, കുടിശികയുള്ള നികുതി, സർക്കാരിന് ലഭിക്കേണ്ട തുക എന്നിവയേക്കാൾ മുൻഗണന പ്രത്യേക കോടതി ഉത്തരവിനുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.ജപ്തി ചെയ്ത നിക്ഷേപങ്ങൾ അതോറിറ്റിക്ക് കൈമാറുന്നത് ഇനി മുതൽ ബന്ധപ്പെട്ട ബാങ്കുകളുടെ നിയമപരമായ ബാധ്യതയായി കണക്കാക്കും.