'സെലിബ്രിറ്റികൾക്ക്  നാട്ടിലൊരു  വിലയുമില്ല;  എന്റെ  സെലിബ്രിറ്റി  സ്റ്റാറ്റസുപയോഗിച്ച്  വോട്ട്  പിടിക്കില്ല'

Tuesday 17 March 2026 8:50 AM IST

കൊച്ചി: താൻ ആരെയും പറഞ്ഞുപറ്റിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ പിടിച്ചുനിർത്തി അടിച്ചോളൂവെന്നും തൃക്കാക്കരയിലെ ട്വിന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. മത്സരിക്കുന്നത് ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാനാണ്. സെലിബ്രിറ്റികൾക്ക് നാട്ടിലൊരു വിലയുമില്ല. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസുപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിൽ നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎയുടെ ഭാഗമായ ട്വന്റി20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അടുത്തിടെയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി20യുടെ ഭാഗമായത്. കൊട്ടാരക്കരയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചരണം.

80 ശതമാനത്തോളം ബിജെപിയുടെ താൽപര്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെങ്കിലും ചില കാര്യങ്ങളിൽ എതിർപ്പുണ്ടെന്നും അതുകൊണ്ടാണ് ട്വന്റി 20യിൽ ചേർന്നതെന്നും അഖിൽ മാരാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്വന്റി 20യുടെ ആശയങ്ങളോട് പണ്ട് മുതലേ തനിക്ക് യോജിപ്പുണ്ടായിരുന്നു. എന്നാൽ അന്ന് അവരുടെ പ്രവർത്തനങ്ങൾ ജില്ലയ്‌ക്ക് പുറത്തേക്ക് സജീവമായിരുന്നില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നെന്നും തന്റെ ഫോണിൽ അതിന്റെ തെളിവുണ്ടെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തിരുന്നു. അഖിൽമാരാർക്ക് ട്വന്റി 20യിൽ ഔദ്യോഗിക അംഗത്വം നൽകിയതായി പ്രസിഡന്റ് സാബു ജേക്കബ് ആണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.