'പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചു'; കോൺഗ്രസിൽ ചേർന്നത് സ്വന്തം തീരുമാനത്തിലെന്ന് എ സുരേഷ്
തിരുവനന്തപുരം: കോൺഗ്രസിൽ ചേരാൻ പാർട്ടി നേതൃത്വമല്ല ആവശ്യപ്പെട്ടതെന്നും സ്വയമെടുത്ത തീരുമാനമാണെന്നും വി.എസ്.അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ്. മൂന്നോ നാലോ തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോൾ 100 തവണ അപ്പീൽ നൽകിയാലും തിരിച്ചെടുക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചുവെന്നും സുരേഷ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'തന്നെ പടിയടച്ച് പുറത്താക്കിയ സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോയെന്ന് പലതവണ ആലോചിച്ച് തീരുമാനമെടുത്തതാണ്. തുടർന്നാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നത് പേരിൽ മാത്രമെന്ന അവസ്ഥയിലേയ്ക്ക് മാറിയിരിക്കുന്നു. പാർട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും രണ്ട് വിഭാഗമായി മാറി. ഭരണത്തെ സ്‌നേഹിക്കുന്നവരാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ മൂല്യങ്ങൾ ചോരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിനൊപ്പം ചേരാൻ തീരുമാനിച്ചത്'- സുരേഷ് വ്യക്തമാക്കി.
പാലക്കാട് മലമ്പുഴയിൽ സുരേഷ് സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. സുരേഷിനെ മത്സരിപ്പിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതൽ 2016വരെ നാലുതവണ വി എസ് മലമ്പുഴയിൽ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാർത്ഥി. 25,000ലധികം വോട്ടുകൾക്കായിരുന്നു വിജയം.