പ്രവാസികൾ കരുതിയിരിക്കൂ; യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി, വൈകാതെ അന്തരീക്ഷം മാറിമറിയും

Tuesday 17 March 2026 10:59 AM IST

അബുദാബി: യുഎഇയിലെ കാലാവസ്ഥ ഇന്ന് മാറിമറിയും. ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ചില വടക്കൻ പ്രദേശങ്ങളിലും പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.

രാജ്യത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും ചില പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 15ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കരുതപ്പെടുന്നു. അബുദാബിയിലും ഷാർജയിലും 23 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില. അതേസമയം ദുബായിൽ 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഏറ്റവും ഉയർന്ന താപനില യഥാക്രമം 36,35,36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും.

വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ മിതമായ അല്ലെങ്കിൽ ശക്തമായ കാറ്റുവീശും. ഇവ പകൽ സമയം 35 കിലോമീറ്റർ വരെ വേഗതയിൽ പൊടിയും മണലും വീശാൻ കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്‌ദ്ധമായിരിക്കും. ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായിരിക്കുന്ന പ്രവാസികൾക്ക് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ് പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം. പൊടിക്കാറ്റും മഴയും ശക്തമായാൽ അത് ജോലിക്ക് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഗതാഗതത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചേക്കാം.