സ്വർണവില പവന് ഒന്നരലക്ഷം കടക്കും; കേരളത്തിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത്, കാരണം യുദ്ധം

Tuesday 17 March 2026 11:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 110 രൂപ വർദ്ധിച്ച് 14,540 രൂപയായി. ഇതോടെ പവന് 880 രൂപ വർദ്ധിച്ചു. 1,16,320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പത്ത് ശതമാനം പണിക്കൂലി ഉൾപ്പെടെ ഏകദേശം 1,31,850 രൂപ നൽകേണ്ടിവരും. നികുതി, ഹോൾമാർക്കിംഗ് ചാർജ് ഉൾപ്പെടെയുള്ല തുകയാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില തുടർച്ചയായി കുറയുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ന് വില കൂടിയത്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് പവന് 1,16,720 രൂപയായിരുന്നു.

യുഎസ്, ഇസ്രയേൽ - ഇറാൻ യുദ്ധവും അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിൽ വന്ന മാറ്റവുമാണ് സ്വർണത്തിന് ഡിമാൻഡ് കൂടാനുള്ള കാരണം. യുദ്ധം മൂന്നാഴ്‌ച കടന്നിട്ടും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുറവാണ്. അടുത്തെങ്ങും യുദ്ധം തീരാനുള്ള സാദ്ധ്യതയില്ലെന്നാണ് നിക്ഷേപകർ കരുതുന്നത്.

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. യുദ്ധസാഹചര്യങ്ങളിൽ സ്വർണം പോലുള്ള ലോഹങ്ങളുടെ വിലകുതിക്കുന്നതാണ് പതിവ്. എന്നാൽ, ഇറാൻ യുദ്ധത്തിൽ ഇതുണ്ടായിട്ടില്ല. സ്വർണത്തിന്റെ ഡിമാൻഡും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2026 അവസാനത്തോടെ തന്നെ സ്വർണവില ഔൺസിന് 6,200 ലെത്തുമെന്ന പ്രവചനങ്ങൾ വന്നിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില പവന് ഒന്നര ലക്ഷം രൂപ കടന്നേക്കും.