'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാൻ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ

Tuesday 17 March 2026 4:42 PM IST

കോട്ടയം: സഹോദരി മറിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്‌തിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മാദ്ധ്യമങ്ങൾ ഓരോ ഗദിവസവും ഓരോ വാർത്തകൾ കൊടുക്കുമെന്നും അതിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു. 'ഒരാളോടും ഇക്കാര്യം ഞാൻ സംസാരിച്ചിട്ടില്ല. മാദ്ധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും. ഇനി എന്റെ അനന്തരവന്റെ പേരുകൂടിയേ ഉള്ളൂ' - ചാണ്ടി ഉമ്മൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാ‌ർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതിൽ സഹോദരൻ ചാണ്ടി ഉമ്മൻ കടുത്ത അതൃപ്‌തി അറിയിച്ചെന്നും ഒരു കുടുംബത്തിൽ രണ്ട് സ്ഥാനാർത്ഥികൾ വേണ്ട മറിയ ഉമ്മൻ സ്ഥാനാർത്ഥിയായാൽ രാജി വയ്‌ക്കുമെന്നും മറിയയ്‌ക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളി ഒഴിഞ്ഞുതരാമെന്ന് ചാണ്ടി ഉമ്മൻ നേതാക്കളോട് പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതെല്ലാം മാദ്ധ്യമസൃഷ്‌ടിയാണെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ പ്രചാരണത്തിനായി ഫ്ലക്‌സും പോസ്റ്ററും ഉപയോഗിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണങ്ങളാണുള്ളത്. പ്രവർത്തകരും ആവേശത്തിലാണ്. പൂർണമായ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഭവനരഹിതർ അല്ലാത്ത പുതുപ്പള്ളി എന്ന പദ്ധതിയാണ് ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. ഇനി 25 വീട് കൂടി പൂർത്തിയാക്കാനുണ്ട്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ നൂറുവീടുകളാണ് നിർമിക്കുന്നത്. അതിനാലാണ് ഫ്ലക്‌സും പോസ്റ്ററുകളും ഒഴിവാക്കാൻ തീരുമാനിച്ചത്. കൈപ്പത്തി ചിഹ്നം ഉണ്ടാകും. പാർട്ടിയാണ് വലുത് വ്യക്തിയല്ല എന്നതാണ് സന്ദേശമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.