'പ്രസാദ്' പദ്ധതി നടപ്പിലാക്കണം: ബെന്നി ബെഹനാൻ എം.പി.
അങ്കമാലി:ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ചരിത്രപ്രധാനമായ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 'പ്രസാദ്' പദ്ധതി പ്രകാരമുള്ള തീർത്ഥാടന സർക്യൂട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ബെന്നി ബെഹനാൻ എം.പി. ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചോദ്യോത്തര വേളയിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, സെന്റ് തോമസ് ആദ്യമായി എത്തിയ കൊടുങ്ങല്ലൂർ, മലയാറ്റൂർ പള്ളി എന്നിവയെ കോർത്തിണക്കി ഒരു തീർത്ഥാടന സർക്യൂട്ട് നേരത്തെ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ഈ മൂന്ന് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കൃത്യമായ നിർദ്ദേശം നൽകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരുകൾക്കാണെങ്കിലും ആവശ്യമായ സാമ്പത്തികസാങ്കേതിക സഹായങ്ങൾ നൽകാൻ കേന്ദ്രം തയ്യാറാണെന്നും വിഷയം വിശദമായി പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി മറുപടി നൽകി.