'ഞാനാണോ ബാറ്റ് ചെയ്യുന്നത് എന്ന് പോലും സംശയം തോന്നിയിരുന്നു', ഏറ്റവും വലിയ പ്രചോദനം ആരെന്ന് പറഞ്ഞ് സഞ്ജു

Tuesday 17 March 2026 9:57 PM IST

തിരുവനന്തപുരം: കരിയറിലെ ഏറ്റവും മോശം സമയത്ത് നിന്ന് ആഴ്ചകള്‍ക്കുള്ളില്‍ ലോകകപ്പ് ഹീറോ ആയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത് നിരാശയോടെയാണെന്നും അതിന് ശേഷം വലിയ കാര്യങ്ങളാണ് സംഭവിച്ചതെന്നും സഞ്ജു പറഞ്ഞു. സത്യം പറഞ്ഞാല്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താന്‍ തന്നെയാണോ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിയെന്നും താരം വെളിപ്പെടുത്തി.

ലോകകപ്പിന് മുമ്പ് കുറച്ച് വിഷമിച്ചാണ് നാട്ടില്‍ നിന്നും പോയത്. നല്ല പിന്തുണ കിട്ടിയിട്ടും വിചാരിച്ചതുപോലെ കളിക്കാന്‍ പറ്റിയില്ല. അതിനെക്കാളും വലിയൊരു സംഭവം മുകളില്‍ നിന്നും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പോയപ്പോള്‍ തന്നെ ഫോണും സോഷ്യല്‍മീഡിയയും ഓഫാക്കിയിരുന്നു. ഭാര്യയും ഒരു സുഹൃത്തും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ആ ഘട്ടത്തിലെ ഏറ്റവും വലിയ പ്രചോദനം ആരാണെന്നും സഞ്ജു വെളിപ്പെടുത്തി.

താന്‍ മോശം ഫോമിലൂടെ പോയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശമാണ് തിരിച്ചുവരവിന് സഹായിച്ചതെന്നും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ സമയത്ത് സഞ്ജു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോശം സമയത്ത് തന്റെ ഏറ്റവും വലിയ പ്രചോദനം താന്‍തന്നെയായിരുന്നുവെന്നും മലയാളി താരം പറഞ്ഞു.

പത്താം വയസില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും പ്രാക്ടീസ് ചെയ്തു തുടങ്ങിയതാണ്. അണ്ടര്‍ 19 കളിച്ചു, രഞ്ജി ട്രോഫി കളിച്ചു. അത്രയും കാലം ക്രിക്കറ്റ് കളിച്ചതിന്റെ ഒരു എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നല്ലോ. അപ്പോള്‍ മോശം സമയത്ത് എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് ഈ സാഹചര്യത്തില്‍ നിന്ന് പുറത്ത് വരേണ്ടതെന്നും സ്വയം ഇരുന്ന് ആലോചിച്ചുവെന്നും സഞ്ജു പറഞ്ഞു. ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ കൂടുതല്‍ പരാജയങ്ങളാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.