അതൃപ്‌തി കുറയാതെ കെ സുധാകരൻ, കടുത്ത നടപടിയിലേക്ക്? നാളെ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും

Tuesday 17 March 2026 10:27 PM IST

ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്താത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ നാളെ കെ സുധാകരൻ പ്രതികരിച്ചേക്കും. ഡൽഹിയിൽ നാളെ മാദ്ധ്യമപ്രവർത്തകരെ കാണുമെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടി നേതൃത്വത്തെ ഇത് ആശങ്കപ്പെടുത്തിയിട്ടുണ്ട്. താൻ നിലയും വിലയുമില്ലാത്തയാളെന്നും ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെ.സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കോഴിക്കോട് എം.പി എം.കെ. രാഘവൻ അദ്ദേഹത്തെ കാണാൻ ഫ്ളാറ്റിലെത്തി. രാഘവൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച കോഴിക്കോട് നോർത്തും എലത്തൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാനായി ഡൽഹി കേരള ഹൗസിൽ നിന്ന് ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.

കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം നേരത്തെതന്നെ പ്രഖ്യാപിച്ച കെ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയിട്ടില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനാണ് അടൂർ പ്രകാശ് താത്പര്യം പ്രകടിപ്പിച്ചത്. ഇരുവരും ഈ സീറ്റുകളിൽ വലിയ ജനസ്വാധീനം തെളിയിച്ച് നിയമസഭയിൽ എത്തിയിട്ടുള്ളവരാണ്. ഇവരെ മെരുക്കാൻ നേതൃത്വം നടത്തിയ ശ്രമം വിഫലമായ സാഹചര്യത്തിൽ ഈ സീറ്റുകൾ ഒഴിച്ചിട്ടാണ് 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. ഇരുവർക്കും താത്പര്യമുള്ളവരെ സ്ഥാനാർത്ഥികളാക്കി പ്രശ്നം തീർക്കാനാണ് കോൺഗ്രസ് ഉന്നതവൃത്തങ്ങളുടെ ഇപ്പോഴത്തെ നീക്കം.