രക്ഷിക്കാൻ പൊലീസിനെ വിളിച്ചു, ഒടുവിൽ കൊലയാളിയായി
കൊല്ലം: കാലിന് പരിക്കേറ്റാണ് ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിനെ (44) പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. 2023 മേയ് 10നായിരുന്നു സംഭവം. പുലർച്ചെ മൂന്നോടെ താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും സന്ദീപ് കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസ് എത്തുമ്പോൾ സന്ദീപ് വടിയുമായി അയൽവീടിന്റെ പരിസരത്ത് നിൽക്കുകയായിരുന്നു. കാലിലെ മുറിവിൽ മരുന്നുവയ്ക്കാൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രൻപിള്ള, പൊതുപ്രവർത്തകനായ ബിനു എന്നിവരെയും കൂട്ടിയാണ് പൊലീസ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആപ്പോഴാണ് ഇയാൾ അക്രമാസക്തനായത്.
ബിനു, രാജേന്ദ്രൻപിള്ള, എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ ബേബി മോഹനൻ, ഹോം ഗാർഡ് അലക്സ്, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് ഒബസർവേഷൻ റൂമിൽ നിന്ന് കൈക്കലാക്കിയ കത്രികയ്‌ക്ക് ഡോ. വന്ദനാദാസിന്റെ കഴുത്തിലും മുഖത്തും തലയിലും കുത്തുകയായിരുന്നു. നിലത്തുവീണപ്പോൾ ദേഹത്ത് കയറിയിരുന്ന് പിൻകഴുത്തിലും കുത്തി. കൂടുതൽ പൊലീസെത്തി സന്ദീപിനെ കീഴ്പ്പെടുത്തി.
തെളിഞ്ഞ കുറ്റങ്ങൾ 1. വന്ദനയെ കൊലപ്പെടുത്തിയതിന്- ഐ.പി.സി 302- കൊലപാതകം 2. മൂന്ന് പൊലീസുകാർ, രണ്ട് നാട്ടുകാർ, ഒരു ആംബുലൻസ് ഡ്രൈവർ എന്നിവരെ ആക്രമിച്ചതിന്- ഐ.പി.സി 307- വധശ്രമം 3. ഗുരുതരമായി മുറിവേൽപ്പിക്കൽ- ഐ.പി.സി 326 4. ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ- ഐ.പി.സി 324 5. ആയുധം ഉപയോഗിക്കാതെ മുറിവേൽപ്പിക്കൽ- ഐ.പി.സി 323 6. തടഞ്ഞുവയ്ക്കൽ- ഐ.പി.സി 341 7. ആശുപത്രി ജീവനക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും തടഞ്ഞുവയ്ക്കൽ- ഐ.പി.സി 332, 333 8. കുത്താൻ ഉപയോഗിച്ച കത്രിക ഒളിപ്പിച്ചു- തെളിവ് നശിപ്പിക്കൽ-ഐ.പി.സി 201 9. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തി, ആശുപത്രി ജീവനക്കാരെ ആക്രമിച്ചു- ആശുപത്രി സംരക്ഷണ നിയമത്തിലെ 3,4 വകുപ്പുകൾ