ചാണ്ടി ഉമ്മന് ഫ്ലക്സ് വേണ്ട, പോസ്റ്ററും

Wednesday 18 March 2026 12:10 AM IST

കോട്ടയം: ഫ്ളക്സും പോസ്റ്ററുകളും അച്ചടിച്ചുകൂട്ടാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടമോടുമ്പോൾ ഇതൊന്നുമില്ലാതെ പുതുപ്പള്ളിയിൽ രണ്ടാമങ്കത്തിന് ഇറങ്ങുകയാണ് ചാണ്ടി ഉമ്മൻ. ഫ്ളക്സിനും പോസ്റ്ററിനും പകരം മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിപ്പിക്കും. ഭവനരഹിത പുതുപ്പള്ളിയെന്ന ലക്ഷ്യത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷനിലൂടെ വീടുകൾ നിർമ്മിക്കുന്നതിന്റെ ചെലവിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൂടി വകയിരുത്തുകയാണ് ചാണ്ടിയുടെ ലക്ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 50 വീടുകളിൽ 47 എണ്ണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച 25 വീടുകൾക്ക് തറക്കല്ലുമിട്ടു. പുതുപ്പള്ളി,​ വാകത്താനം,​ അയർക്കുന്നം,​ മണർകാട്,​ പാമ്പാടി പഞ്ചായത്തുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്. അതേസമയം സമൂഹ മാദ്ധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചാണ്ടിയുടെ ഫ്ളക്സുകൾ പ്രചരിപ്പിക്കുന്നുണ്ട്. മണ്ഡലത്തിൽ റോഡ് ഷോ പൂർത്തിയാക്കിയ ചാണ്ടി മാസങ്ങൾക്ക് മുൻപേ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. സി.പി.എമ്മിലെ കെ.എം. രാധാകൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

'വ്യക്തികൾക്കല്ല മുൻ തൂക്കം. പാർട്ടിക്കും ചിഹ്നത്തിനുമാണ്. അതുകൊണ്ടാണ് പോസ്റ്ററുകളം ഫ്ളക്സുകളും ഒഴിവാക്കുന്നത്".

- ചാണ്ടി ഉമ്മൻ