ശബരിമലയിൽ അരി നശിച്ച സംഭവം: സ്‌പെഷ്യൽ കമ്മി​ഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

Wednesday 18 March 2026 12:33 AM IST

ശബരിമല : തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ സന്നിധാനത്ത് സമർപ്പിച്ച ടൺ കണക്കിന് അരി മഴനനഞ്ഞും പുഴുവരിച്ചും നശിച്ച സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മി​ഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേരളകൗമുദി വാർത്തയെ തുടർന്ന്, അരി സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കമ്മി​ഷണർ റി​പ്പോർട്ട് തയ്യാറാക്കി​യത്. അരി​ യഥാസമയം നീക്കം ചെയ്യുന്നതി​ൽ കരാറുകാരൻ വീ‌ഴ്ചവരുത്തി​യെന്നും ഇതി​ലൂടെ ദേവസ്വം ബോർഡിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

ദേവസ്വം അധികാരികൾ അടിയന്തരമായി പ്രവർത്തിക്കണമെന്നും കോൺട്രാക്ടർമാർ കുമിഞ്ഞുകൂടിയ അരിയും അരിച്ചാക്കുകളും ഉടൻ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും 2025 ഡിസംബർ 17ന് കോടതി ഉത്തരവി​റക്കി​യി​രുന്നു. കൂടുതൽ കാലതാമസം ഉണ്ടായാൽ എക്സിക്യൂട്ടീവ് ഓഫീസർ ഉചിതവും നിർബന്ധിതവുമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവി​ലുണ്ട്. എന്നാൽ ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടും കരാറുകാർ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇത് അരി കുമിഞ്ഞുകൂടാൻ കാരണമായെന്നും സ്പെഷ്യൽ കമ്മി​ഷണറുടെ റിപ്പോർട്ടിലുണ്ട്.

പഴയ കെട്ടിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന അരിയുടെ അളവ് കെട്ടിടത്തിന്റെ ഘടനാപരമായ ബലത്തിന് ഭീഷണിയാണ്. അരി നീക്കം ചെയ്യുന്നതിലെ കാലതാമസം കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ദേവസ്വം ബോർഡിന് വലിയ നഷ്ടത്തി​നും വഴി​യൊരുക്കും. സന്നിധാനത്തെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ അരികൾ ആരും ശ്രദ്ധിക്കാതെ തള്ളിയതായും കണ്ടെത്തി. കോടതി ഉത്തരവ് പാലിക്കാത്തത് വളരെ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.