നഷ്ടപരിഹാരം ലഭിക്കാൻ പുനർവിവാഹം തടസമല്ല

Wednesday 18 March 2026 2:34 AM IST

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം നിഷേധിക്കുന്നത് വിധവകളുടെ പുനർവിവാഹത്തെ കോടതി നിരുത്സാഹപ്പെടുത്തുന്നതിനു സമമാകുമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചൂണ്ടിക്കാട്ടി. ജോലിയും പുനർവിവാഹവും കണക്കിലെടുത്ത് ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശിയാണ് ഹർജി നൽകിയത്. 2009 ജൂൺ 16 ന് ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ, 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഹൈക്കോടതി ഇത് 16.25 ലക്ഷമായി വർദ്ധിപ്പിച്ചു. ഭർത്താവ് മരിക്കുമ്പോൾ ഹർജിക്കാരിക്ക് ജോലി ഉണ്ടായിരുന്നതും പഞ്ചായത്ത് ജീവനക്കാരനെ പിന്നീട് വിവാഹം കഴിച്ചതും ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരത്തിന് അർഹത ഇല്ലാതാക്കിയെന്നായിരുന്നു ട്രൈബ്യൂണലിന്റെ നിരീക്ഷണം. ഹർജിക്കാരി പുനർവിവാഹം നടത്തിയതിനാൽ ആശ്രിതത്വം പുതിയ ഭർത്താവിലേക്ക് മാറിയെന്നായിരുന്നു ഇൻഷ്വറൻസ് കമ്പനിയുടെ വാദം.

നഷ്ടപരിഹാര ഹർജി ഫയൽ ചെയ്യുമ്പോൾ പുനർവിവാഹം നടന്നിരുന്നില്ല. അപകട സമയത്തെ സ്ഥിതിയാണ് കണക്കിലെടുക്കേണ്ടത്. തുടർന്നുള്ള സംഭവങ്ങൾ നഷ്ടപരിഹാരത്തിനുള്ള അർഹത ഇല്ലാതാക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.