എൽദോസ് ഇല്ല,​ തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി 55 പേരുടെ ആദ്യ കോൺ. പട്ടിക

Wednesday 18 March 2026 12:44 AM IST

 രണ്ടാം പട്ടിക ഇന്ന്

ന്യൂഡൽഹി: തർക്കങ്ങൾ വഴി മുട്ടിച്ച ചർച്ചകൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. പാലക്കാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂർ ഒഴികെ സിറ്റിംഗ് എം.എൽ.എമാരെ നിലനിറുത്തി തർക്ക സീറ്റുകൾ ഒഴിച്ചിട്ടാണ് പട്ടിക. കോൺഗ്രസ് മത്സരിക്കുന്ന 92 ൽ ബാക്കിയുള്ള 37 സീറ്റിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

ഇന്നലെ ഉച്ചയോടെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയ പട്ടിക വൈകുന്നേരമാണ് പുറത്തു വന്നത്. ലൈംഗികാരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിയുടെ സീറ്റായ പെരുമ്പാവൂർ ഒഴിച്ചിട്ടു. ഹൈക്കമാൻഡുമായുള്ള ചർച്ചയ്‌ക്കായി എൽദോസ് ഡൽഹിയിലെത്തിയിട്ടുണ്ട്. അതേസമയം ലൈംഗിക ആരോപണ വിധേയനായ എം. വിൻസെന്റും(കോവളം), വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണമുയർന്ന ഐ.സി. ബാലകൃഷ്‌ണനും(സുൽത്താൻ ബത്തേരി) പട്ടികയിലുണ്ട്.

ലൈംഗികാരോപണത്തെ തുടർന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടം എം.എൽ.എയ്‌ക്ക് പകരം പാലക്കാട് ചലച്ചിത്ര താരം രമേശ് പിഷാരടി മത്സരിക്കും. തൃപ്പൂണത്തുറയിൽ മത്സര രംഗത്തു നിന്ന് പിൻമാറിയ കെ.ബാബുവിന് പകരക്കാരനെ പ്രഖ്യാപിച്ചില്ല.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ(പരവൂർ), കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്(പേരാവൂർ), മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല(ഹരിപ്പാട്), കെ.മുരളീധരൻ(വട്ടിയൂർക്കാവ്) എന്നീ പ്രമുഖർ പട്ടികയിലുണ്ട്. എം.പിമാരായ കെ.സുധാകരൻ താത്പര്യപ്പെട്ട കണ്ണൂരും അടൂർ പ്രകാശ് പറഞ്ഞ കോന്നിയും ഒഴിച്ചിട്ടു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹായി എ. സുരേഷ് മലമ്പുഴയിൽ മത്സരിക്കും.

എട്ട് വനിതകൾ

പട്ടികയിൽ എട്ട് വനിതകളുണ്ട്. മഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​ബി​ന്ദു​ കൃ​ഷ്ണയ്‌ക്ക് കൊല്ലവും ​ഷാ​നി​മോ​ൾ​ ​ഉ​സ്മാന് അരൂരും നൽകി. സി.പി.എമ്മിൽ നിന്നു വന്ന ഐഷാ പോറ്റി കൊട്ടാരക്കരയിലും സിറ്റിംഗ് എം.എൽ.എ ഉഷാ തോമസ് തൃക്കാരക്കരയിലും മത്സരിക്കും. മാ​ന​ന്ത​വാ​ടി​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ​ഉ​ഷാ​ ​വി​ജ​യ​നെ മാനന്തവാടിയിലും ​മു​ൻ​ ​എം.​പി​ ​ര​മ്യ​ ​ഹ​രി​ദാ​സിനെ ചിറയിൻകീഴും വി.കെ. ശ്രീകണ്ഠൻ എംപിയുടെ പത്‌നി കെ.എ. തുളസിയെ കൊങ്ങാടും സ്ഥാനാർത്ഥികളാക്കി. യുവ നേതാവ് വിദ്യാ ബാലകൃഷ്‌ണന് എലത്തൂർ സീറ്റ് നൽകി തർക്കമുള്ളതടക്കം ബാക്കി സീറ്റുകളിൽ ഒറ്റപ്പേരിലാക്കാൻ രാത്രി വൈകിയും ഡൽഹി ഇന്ദിരാഭവനിൽ ചർച്ച തുടരുകയാണ്. അന്തിമമാക്കുന്ന പട്ടികയ്‌ക്ക് രാവിലെ 11.30ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകും. ഇന്നു തന്നെ പ്രഖ്യാപിക്കും.