ഫണ്ട് തട്ടിപ്പ്: യു.എൻ.എ നേതാക്കൾക്ക് ഇ.ഡി കുറ്റപത്രം
കൊച്ചി: സംഘടനാ ഫണ്ട് തിരിമറി നടത്തിയ കേസിൽ യുണൈറ്റ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബാന തുടങ്ങി എട്ടു പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സംഘടനാ ഭാരവാഹികളായിരുന്ന ഷോബി ജോസഫ്, നിഥിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജനപാൽ, ബിബിൻ എം. പോൾ, എം.വി. സുധീപ് എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവർ.
ഇവരുടെ പേരിലുള്ള 1.44 കോടിയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. അംഗത്വ ഫീസുൾപ്പെടെ സംഘടനയ്‌ക്ക് ലഭിച്ച വരുമാനം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവഴിച്ചെന്ന കേസിലാണ് നടപടി. 2017-19 കാലത്തായിരുന്നു തിരിമറി. സംഘടനാചട്ടങ്ങൾക്കു വിരുദ്ധമായി വാഹനം, ഫ്‌ളാറ്റ് എന്നിവയുടെ വായ്പ തിരിച്ചടയ്‌ക്കാനും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കും ഫണ്ട് വിനിയോഗിച്ചു. മിനിട്ട്‌സുകളിൽ തിരിമറി നടത്തുകയും ചെയ്‌തു. അംഗങ്ങൾ നൽകിയ പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡിയും കേസെടുത്തത്. വിചാരണനടപടികൾ വൈകാതെ ആരംഭിക്കുമെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.