ഉത്തരവിറക്കി തിര. കമ്മിഷൻ: ബംഗാൾ മോഡലിൽ ഉദ്യോഗസ്ഥരെ മാറ്റി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാൾ മോഡലിൽ, ആലപ്പുഴ ജില്ലാകളക്ടറെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെയുമടക്കം ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാന സർക്കാർ അടുത്തിടെ നിയമിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുന:പരിശോധിച്ച ശേഷമാണ് കമ്മിഷൻ ഉത്തരവിറക്കിയത്. ഇന്നലെ രാവിലെ ഇറക്കിയ ആദ്യ സ്ഥലംമാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം മാറ്റി പുതിയ ഉത്തരവിറക്കുകയും ചെയ്തു.
സർക്കാർ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന് കമ്മിഷന് വിവരം ലഭിച്ചിരുന്നു. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർ ഉടനടി ചുമതലയേൽക്കണമെന്നും വിവരം ഇന്നുരാവിലെ 11നകം അറിയിക്കണമെന്നും കമ്മിഷൻ സെക്രട്ടറി പവാൻ ദിവാൻ ചീഫ്സെക്രട്ടറി എ.ജയതിലകിന് കൈമാറിയ ഉത്തരവിൽ പറയുന്നു.
ജനുവരി 16ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി സർക്കാർ നിയോഗിച്ച ജി.ജയ്‌ദേവിനെ മാറ്റി തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണനെയാണ് കമ്മിഷൻ ആദ്യം നിയമിച്ചത്. വിജിലൻസ് ഡി.ഐ.ജിയായ തോംസൺ ജോസിനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. ഈ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി (പോളിസി) തസ്തികയിലുണ്ടായിരുന്ന എസ്.പി മെറിൻ ജോസഫിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാക്കി. ടി.നാരായണനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയായി തുടരാൻ അനുവദിച്ചു. അതോടെ തോംസൺ ജോസഫിന്റെ മാറ്റം അസാധുവായി.
2024മാർച്ച് മുതൽ ആലപ്പുഴ ജില്ലാകളക്ടറായി തുടരുന്ന അലക്സ് വർഗീസിനെ മാറ്റി കെ.ഇമ്പശേഖറിനെ നിയമിച്ചു. കളക്ടർ സ്ഥാനത്ത് രണ്ടുവർഷം പൂർത്തിയായില്ലെന്ന സാങ്കേതികത്വം പറഞ്ഞ് അലക്സ് വർഗീസിനെ സർക്കാർ നേരത്തെ മാറ്റിയിരുന്നില്ല. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താനാണ് ഉദ്യോഗസ്ഥരെ മാറ്റുന്നതെന്നാണ് കമ്മിഷന്റെ വിശദീകരണം.
ധർമ്മടത്തെ റിട്ടേണിംഗ്
ഓഫീസറിനും മാറ്റം
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തെ റിട്ടേണിംഗ് ഓഫീസറെ മാറ്റി കെ.എ.എസ് ഉദ്യോഗസ്ഥനായ സച്ചിൻ കൃഷ്ണയെ നിയമിച്ചു. കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലിന്റെ ചുമതലയും സച്ചിനാണ്. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിലെ വരണാധികാരിയെ മാറ്റി കെ.എ.എസ് ഉദ്യോഗസ്ഥയായ എസ്.വന്ദനയെ നിയമിച്ചു. തളിപ്പറമ്പ് ആർ.ഡി.ഒ, ഇരിക്കൂർ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ ചുമതലകളും വന്ദനയ്ക്കാണ്. മാറ്റപ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് പൂർത്തിയാവുംവരെ മറ്റൊരു ഇലക്ഷൻ ചുമതലയും നൽകരുതെന്നും നിർദ്ദേശിച്ചു.