ഐടി പാര്‍ക്കുകളില്‍ വരുന്നത് നിര്‍ണായക മാറ്റം; ചെറിയ കമ്പനികള്‍ക്ക് ഉള്‍പ്പെടെ വന്‍ നേട്ടം

Wednesday 18 March 2026 12:36 AM IST

കൊച്ചി: സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍, ടെക്നോളജി കമ്പനികള്‍, കോ വര്‍ക്കിംഗ് സ്പെയിസുകള്‍ എന്നിവയെ സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി പാര്‍ക്കുകളുമായി അഫിലിയേറ്റ് ചെയ്യാന്‍ അനുമതി. ഇതോടെ സര്‍ക്കാര്‍ പാര്‍ക്കുകള്‍ക്ക് പുറത്തുള്ള സ്ഥാപനങ്ങളും ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാകും. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒമാര്‍ക്കാണ് പദ്ധതി നടപ്പാക്കാന്‍ ചുമതല.

ചെറുകിട ഇടത്തരം ഐ.ടി കമ്പനികള്‍ നേരിടുന്ന ബിസിനസ് പ്രതിസന്ധികള്‍ പരിഗണിക്കാനും പദ്ധതി സഹായമാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, കേരള ഐ.ടി ബ്രാന്‍ഡിന്റെ സാദ്ധ്യതകള്‍ ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം. സ്വകാര്യ സംരംഭകരുമായി സഹകരിച്ച് പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയില്‍ പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും.

സ്ഥാപനങ്ങള്‍ക്ക് മെന്റര്‍ഷിപ്പ് പിന്തുണ, സി.ഇ.ഒ മെന്ററിംഗ്, പേറ്റന്റുകള്‍ക്കുള്ള സാമ്പത്തിക പ്രോത്സാഹനം എന്നിവ ലഭ്യമാക്കും. കേരള ഐ.ടി പാര്‍ക്ക് അഫിലിയേറ്റ് എന്ന ലോഗോ ഉപയോഗിക്കാനും അനുവദിക്കും.

നാല് വിഭാഗങ്ങള്‍

നിശ്ചിതകാലയളവില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളെ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം വിഭാഗങ്ങളായി തിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ടെക്നോപാര്‍ക്കിലും ആലപ്പുഴ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകള്‍ ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് ജില്ലകള്‍ സൈബര്‍ പാര്‍ക്കിലും അഫിലിയേറ്റ് ചെയ്യണം.