ആറിന് ശേഷവും വോട്ടിടാൻ അനുമതി
Monday 21 October 2019 10:50 PM IST
തിരുവനന്തപുരം: വോട്ടിംഗ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെ ആയിരുന്നെങ്കിലും ആറ് മണിക്ക് ശേഷവും ബൂത്തുകളിൽ ക്യൂവിലുണ്ടായിരുന്നവർക്ക് വോട്ടു ചെയ്യാൻ അവസരം ലഭിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പോളിംഗ് സമയം കൂട്ടി നൽകണമെന്ന് ചില രാഷ്ട്രീയ നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ എറണാകുളം മണ്ഡലത്തിലെ ബൂത്തുകളിൽ വോട്ടെടുപ്പ് മാറ്രിവയ്ക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് സമയം കൂട്ടി നൽകില്ലെന്നും അതേസമയം ക്യൂവിലുള്ള മുഴുവൻ പേർക്കും എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്നും മീണ വ്യക്തമാക്കിയത്.