ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണയിൽ നിയമത്തിനൊപ്പം വൈദ്യശാസ്ത്രവും നിറഞ്ഞു

Wednesday 18 March 2026 1:33 AM IST

കൊല്ലം: വിചാരണയിൽ നിയമങ്ങൾക്കൊപ്പം വൈദ്യശാസ്ത്രവും നിറഞ്ഞുനിന്നതാണ് ഡോ. വന്ദനാദാസ് കൊലക്കേസ് വിചാരണ. പ്രതി മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നുവെന്ന് വാദിക്കാൻ പ്രതിഭാഗം ഹാജരാക്കിയ മരുന്നുകളുടെ ഉപയോഗത്തെ സംബന്ധിച്ചും കോടതിയിൽ ദൈർഘ്യമേറിയ വാദപ്രതിവാദങ്ങൾ നടന്നു.

പ്രതിഭാഗം ആശ്രയിച്ച മരുന്നുകളുടെ ഡോസേജുകൾ മാനസിക വിഭ്രാന്തിക്ക് നൽകുന്നതിനേക്കാൾ തുലോം കുറവാണെന്നും ബഹളം ഉണ്ടാക്കുന്ന സ്വഭാവക്കാരെ നിയന്ത്രിക്കാൻ സാധാരണ മനോരോഗ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നാണെന്നും കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതുകൊണ്ടു തന്നെ കേസിൽ നിയമ ഗ്രന്ഥങ്ങളോടൊപ്പം തന്നെ മെഡിക്കൽ ഗ്രന്ഥങ്ങളും കേസിൽ വ്യാപകമായി പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്നു.

കൂടുതൽ ഡോക്ടർമാർ സാക്ഷിയായ കുറ്റപത്രം

കേരളത്തിൽ ഏറ്റവും കൂടുതൽ ഡോക്ടർമാരെ സാക്ഷിയാക്കിയ കുറ്റപത്രവും ഡോ. വന്ദനാദാസ് കേസിലേതാണ്. വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഓളം ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്. കൂടാതെ കൃത്യത്തിന്റെ തൊട്ടുമുമ്പ് പ്രതി സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. ആ വീഡിയോ ദൃശ്യങ്ങളിൽ ഡോ. വന്ദനയും കൂടെയുള്ള ഡോ. ഷിബിനും പ്രതിയെ പരിശോധിച്ച് ചികിത്സ നൽകുന്ന ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു.

ഡോ. വന്ദനാദാസ് കൊലക്കേസ് വിചാരണ പല കാരണങ്ങൾ കൊണ്ട് പൊതുശ്രദ്ധ ആകർഷിക്കപ്പെട്ടതാണ്. കേരളത്തിൽ തന്നെ രോഗിയെ പരിശോധിച്ച ഡോക്ടറെ ഹോസ്പിറ്റലിൽ വച്ച് രോഗി കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ ആദ്യമാണ്.

അഡ്വ. പ്രതാപ്.ജി പടിക്കൽ

സ്പെഷ്യൽ പ്രോസിക്യൂട്ടർ

കേസ് നാൾവഴി

2023 മേയ് 10: ഡോ.വന്ദനാദാസ് കൊല്ലപ്പെട്ടു

2023 ജൂലായ് 1- കുറ്റപത്രം സമർപ്പിച്ചു 2023 ആഗസ്റ്റ് 19- വിചാരണ നടപടി തുടങ്ങി 2026 മാർച്ച് 7- കേസിൽ വാദം പൂർത്തിയായി

2026 മാർച്ച് 17- കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി