തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി അഞ്ജലി നായർ; തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് തുടക്കം
കൊച്ചി: തൃപ്പൂണിത്തുറയിലെ ട്വന്റി 20 സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി പ്രചാരണത്തിന് തുടക്കമിട്ടു. ഇന്നലെയാണ് പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ് നടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആദ്യമാണ്. ആൾബലം തന്നെയാണ് തന്റെ ഊർജമെന്ന് അഞ്ജലി ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പതിനെട്ടുവർഷമായി സിനിമയിലെത്തിയിട്ട്. എന്നെ ഞാൻ സിനിമക്കാരിയായി കണ്ടിട്ടില്ല. ഞാനൊരു സാധാരണക്കാരിയാണ്. തൃപ്പൂണിത്തുറയുടെ മകളായി എന്നെ കാണണമെന്നാണ് അഭ്യർത്ഥന'- അഞ്ജലി പറഞ്ഞു.
അതേസമയം, തൃപ്പൂണിത്തുറ സീറ്റിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിമർശനവുമായി ബിജെപി അണികൾ രംഗത്തെത്തുന്നുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ്.
ട്വന്റി 20യുടെ താര സ്ഥാനാർത്ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായർ. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ ആണ് ട്വന്റി 20 ആദ്യം പ്രഖ്യാപിച്ച താര സ്ഥാനാർത്ഥി. തൃക്കാക്കരയിലാണ് അഖിൽ മാരാർ മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ നടി വീണാ നായരും മത്സരിക്കുന്നുണ്ട്. എൻഡിഎയുടെ സഖ്യകക്ഷിയായി മാറിയശേഷമുള്ള ട്വന്റി 20യുടെ ആദ്യം നിയമസഭാ തിരഞ്ഞെടുപ്പാണിത്. പെരുമ്പാവൂരിൽ നടി ലക്ഷ്‌മിപ്രിയയാണ് ട്വന്റി 20 സ്ഥാനാർത്ഥി. അങ്കമാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.