പിന്നെയും താഴേയ്ക്ക്;  സ്വർണവിലയിൽ വൻ  ഇടിവ്, ഇന്ന് ഒരുപവന് എത്രരൂപ നൽകണം?

Wednesday 18 March 2026 11:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,460 രൂപയാണ്. കേരളത്തില്‍ ഇന്നലെ രാവിലെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് വിലയിൽ ഇടിവ് സംഭവിച്ചിരുന്നു.

ഉച്ചയ്ക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞതോടെ ഒരു ഗ്രാമിന് 14,490 രൂപയും ഒരു പവന് 1,15,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പവന് 880 രൂപ വര്‍ദ്ധിച്ചിരുന്നു. 14,540 രൂപയില്‍ നിന്നാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ കുറവ് വന്നിട്ടുണ്ട്.

ഇറാനെതിരെയുള്ള ഇസ്രയേല്‍ അമേരിക്ക സഖ്യത്തിന്റെ ആക്രമണം വിപണയില്‍ വരുത്തിയ മാറ്റമാണ് വില ഇറങ്ങുന്നതിലേക്ക് നയിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ യുഎസ് ഡോളറിനെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്.

ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നുണ്ട്. നേരത്തെ സ്വര്‍ണ വില കുത്തനെ കൂടിയപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തയ്യാറായിരുന്നു. എന്നാല്‍ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ റിട്ടേണ്‍സ് ഓയില്‍ സെക്ടറില്‍ നിന്ന് ലഭിക്കുമെന്ന അവസ്ഥ വന്നതോടെയാണ് ട്രെന്‍ഡില്‍ മാറ്റം വന്നത്.