മലപ്പുറത്ത് സർജിക്കൽ സ്‌ട്രൈക്കുമായി എൽഡിഎഫ്; അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ നീക്കം

Wednesday 18 March 2026 11:47 AM IST

മലപ്പുറം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിലേക്ക് എത്തിക്കാൻ നീക്കം. ഇടതുനേതാക്കൾ രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. ഈ മണ്ഡലങ്ങളിൽ താൽപര്യമില്ലെങ്കിൽ അവശ്യപ്പെടുന്ന സീറ്റ് അദ്ദേഹത്തിന് നൽകാനാണ് ഇടതിന്റെ നീക്കം.

2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎൽഎ. മന്ത്രി വി അബ്ദുറഹമാനെയാണ് താനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ അദ്ദേഹത്തിന് തിരൂരിൽ മത്സരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. പ്രഖ്യാപനം നടന്നിട്ടും വി അബ്ദുറഹിമാൻ മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തെത്തിയിരുന്നു. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം.