95 സീറ്റുകളിൽ  കോൺഗ്രസ്; ബേപ്പൂരിൽ റിയാസിനോട് മുട്ടാൻ പിവി അൻവർ, പ്രഖ്യാപിച്ച് വി ഡി സതീശൻ

Wednesday 18 March 2026 11:57 AM IST

ന്യൂഡൽഹി: യുഡിഎഫിന്റെ സീറ്റ് വിഭജനം പുർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 95 സീറ്റുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മത്സരിക്കും. 27 സീറ്റിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലിഗും, എട്ട് സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വീട്ടുനൽകിയെന്നും വി ഡി സതീശൻ പറഞ്ഞു.

'ആർഎസ്‌പി അ‌ഞ്ച് സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. അഞ്ച് സീറ്റും ഇത്തവണയും അവർക്ക് നൽകി. മട്ടന്നൂർ അവർ കോൺഗ്രസിന് വീട്ടുനൽകി. പകരം അവർക്ക് പയ്യന്നൂർ നൽകിയിട്ടുണ്ട്. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ നിർത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണന് പിന്തുണ നൽകാൻ ആർഎസ്‌പിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും കെടിപിക്ക് പാലയും ആർഎംപിക്ക് വടകരയും തൃണമൂൽ കോൺഗ്രസിലെ പിവി അൻവർ ബേപ്പൂരിലും മത്സരിക്കും. അങ്ങനെ 140 സീറ്റും വിഭജിച്ചിട്ടുണ്ട്. യുഡിഎഫിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല. കേന്ദ്രമാണ്. അത് അവർ തീരുമാനിച്ചിട്ട് പറയും'- വി ഡി സതീശൻ വ്യക്തമാക്കി.