മുട്ടപഫ്‌സിനോട് മലയാളികൾക്ക് പ്രിയംകൂടാനുള്ള കാരണം; കണ്ടെത്തലുമായി വിദ്യാർത്ഥി
വീട്ടുകാരും സുഹൃത്തുക്കളുമായി ബേക്കറിയിൽ കഴിക്കാൻ കയറിയാൽ കൂടുതൽപേരും ഓർഡർ ചെയ്യുന്ന പലഹാരം മുട്ടപഫ്‌സായിരിക്കും. ചില്ലുകൂട്ടിൽ മുട്ടപഫ്‌സിനായി ഒരു ഭാഗം മാറ്റിവയ്‌ക്കാത്ത ബേക്കറികൾ കാണില്ലെന്നുതന്നെ പറയാം. പറോട്ടയും ബീഫ് കറിയും പോലെ മുട്ടപഫ്‌സും മലയാളികളുടെ വികാരമാണെന്ന് പലരും പറയാറുണ്ട്. ആ ഇഷ്‌ടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറയുകയാണ് സോഷ്യൽ മീഡിയാതാരമായ ജോൺ ജസ്റ്റിൻ എന്ന സ്‌കൂൾ വിദ്യാർത്ഥി. പഫ്‌സ് നിരീക്ഷകനെന്ന് സ്വയം എന്നവകാശപ്പെട്ടുകൊണ്ട് നടത്തിയ പോഡ്‌കാസ്‌റ്റിലൂടെയാണ് മുട്ടപഫ്‌സിന്റെ പ്രത്യേകതകളെക്കുറിച്ച് ജോൺജസ്റ്റിൻ വിവരിക്കുന്നത്.
'നമ്മുടെ നാട്ടിൽ ഇത്രയും കാലം വിറ്റുപോയ മുട്ട പഫ്‌സെല്ലാം തിരിച്ചുവന്ന് നമ്മളോട് വർത്തമാനം പറയുന്നതൊന്ന് സങ്കൽപ്പിച്ചുനോക്കിക്കേ. എന്തെല്ലാം കഥകൾ പറയാൻ കാണും. സൗഹൃദങ്ങൾ, സന്തോഷങ്ങൾ, പ്രണയങ്ങൾ, വലിയ രഹസ്യങ്ങൾ, സന്തോഷങ്ങളിൽ നിന്നുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾ അങ്ങനെയെന്തെല്ലാം സംഭവങ്ങൾക്കാണ് മുട്ടപഫ്‌സ് സാക്ഷിയായിരിക്കുന്നത്. പഫ്‌സുകൾ പലതുണ്ടെങ്കിലും മുട്ടപഫ്‌സ് വേറെ ലെവലിൽ ആണെന്നാണ് ഒരു പഫ്‌സ് നിരീക്ഷകനെന്ന നിലയിൽ എന്റെ അഭിപ്രായം. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി പഫ്‌സ് ഉണ്ടാക്കിയതെന്ന് ഗവേഷകർ പറയുന്നു. ഇത് ഇന്ത്യയിൽ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്നാണ് അറിവ്. ഞങ്ങടെ നാട്ടിൽ ആദ്യം വന്നത് മീറ്റ് പഫ്‌സാണെന്നാണ് പഴയതലമുറക്കാർ പറയുന്നത്. പിന്നെ ഇറച്ചി കഴിക്കാത്തവർക്കായി വെജിറ്റബിൾ പഫ്‌സ് വന്നു. പിന്നെയും കുറെ കഴിഞ്ഞാണ് മുട്ടപഫ്‌സ് വന്നത്. പക്ഷേ, മുട്ട പഫ്‌സ് പെട്ടെന്ന് കയറിയങ്ങ് കൊളുത്തി. ഇപ്പൊത്തന്നെ നാട്ടിലെ പത്തു ചെറുപ്പക്കാരോട് ചോദിച്ചുനോക്ക്. അപ്പോഴറിയാം പുള്ളീടെ റെയ്ഞ്ച്.
എന്തായിരിക്കും ഈ മുട്ടപഫ്‌സിന്റെ ജനപ്രീതിക്ക് കാരണം. മീറ്റ് പഫ്‌സിന്റെ ഇറച്ചിയും ചിക്കൻ പഫ്‌സിലെ ചിക്കനും ഒരു വിശ്വാസം മാത്രമാണ്. ചിലപ്പോൾ കാണും. അല്ലെങ്കിൽ സവാള മാത്രേ കാണുള്ളു. പക്ഷേ, മുട്ട പഫ്‌സിലെ മുട്ട...അതൊരു സത്യമാണ്. മുട്ട പപ്‌സാണെങ്കിൽ ഒരു പകുതിമുട്ട അതിലുണ്ടാകും. കാണണം...ഇല്ലെങ്കിൽ ബേക്കറിക്കാരൻ വിവരമറിയും. മുട്ടയെന്ന സത്യം പുറത്ത് ചാടിപ്പോകാതിരിക്കാൻ വേണ്ടിയാണ് എല്ലാ ഭാഗവും മുകളിലോട്ടാക്കി ഒരു ഭാണ്ഡക്കെട്ടുപോലെ കവർ സെറ്റാക്കിയിരിക്കുന്നത്'- ജോൺ ജസ്റ്റിൻ പറയുന്നു.
നിരവധിപേരാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയതിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. ജോൺ ജസ്റ്റിൻ പലപ്പോഴും ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തി ആളുകളെ രസിപ്പിക്കാറുണ്ട്. സ്വയം കണിക്കൊന്നയായി സങ്കൽപിച്ച് നേരത്തെ പൂത്തതിനുപിന്നിലെ കാരണങ്ങൾ തുറന്നുപറയുന്ന വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഴ്‌ചക്കാരെ മുഷിപ്പിക്കാത്ത രീതിയിലാണ് ജോൺജസ്റ്റിന്റെ അവതരണം. ഈ മിടുക്കൻ നല്ല സ്റ്റോറി റ്റെല്ലാറാണെന്നും ഭാവിയിൽ നല്ലൊരു മീഡിയാ പേഴ്‌സൺ ആകുമെന്നും ആശംസിക്കുന്നവർ നിരവധിയാണ്.