'പാലക്കാട്ട് വിജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും; അനുഗ്രഹം വാങ്ങി, ദിവസവും ചർച്ച നടത്താറുണ്ട്'

Wednesday 18 March 2026 2:29 PM IST

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് നടൻ രമേശ് പിഷാരടി. നിലവിൽ താമസിക്കുന്ന തൃപ്പൂണിത്തുറയിൽ നിന്ന് വൈകിട്ട് നാലുമണിയോടെ പാലക്കാട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിക്കും. താൻ വിജയിക്കുകയാണെങ്കിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച തന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് താരം പറഞ്ഞു. പാലക്കാട്ടേയ്ക്ക് പുറപ്പെടുന്നതിനുമുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലഭിച്ചത് എന്റെ ഭാഗ്യമാണ്. മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങി. ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചർച്ചകൾ നടത്താറുണ്ട്. പാലക്കാട്ടു വിജയിച്ചാൽ മമ്മൂട്ടിയെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ സിനിമാതാരങ്ങളെയാരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരില്ല.

പാലക്കാട് എന്റെ ജന്മനാടാണ്. കുഴൽമന്ദത്താണ് അമ്മയുടെ വീട്. അച്ഛൻ ജോലിക്കായി വെള്ളൂരിലേയ്ക്ക് വന്നതുകൊണ്ട് പിൽക്കാലത്ത് തൃപ്പൂണിത്തുറയിൽ താമസമാക്കുകയായിരുന്നു. ജനവിധി തേടി ജന്മനാട്ടിലേക്കാണ് പോകുന്നത്.

എംഎൽഎമാരെന്ന നിലയിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട്ട് വിപ്ളവകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടർച്ച എന്റെ ഭാഗത്തുനിന്നുമുണ്ടാകും. ആരോപണങ്ങൾ ഉയർന്നപ്പോൾതന്നെ കോൺഗ്രസ് രാഹുലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ഞാൻ രാഹുലിനെ പിന്തുണയ്ക്കുന്നു എന്ന രീതിയിൽ മാദ്ധ്യമങ്ങൾ തലക്കെട്ട് കൊടുക്കുകയായിരുന്നു'- രമേശ് പിഷാരടി വ്യക്തമാക്കി.