മുദ്രപത്രം ഓൺലൈൻ വഴി പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കണമെന്ന ആവശ്യം ശക്തം

Thursday 19 March 2026 1:43 AM IST

വെൻഡർമാർക്ക് മാത്രമാണ് ഡൗൺലോഡ് ചെയ്യാൻ അനുമതി

ആലുവ: മുദ്രപത്രം വില്പന ഓൺലൈൻ മുഖേനയാക്കിയ സർക്കാർ, പൊതുജനങ്ങൾക്ക് കൂടി നേരിട്ട് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വെൻഡർമാർക്ക് മാത്രമാണ് മുദ്രപത്രം ഡൗൺലോഡ് ചെയ്യാൻ അനുമതിയുള്ളത്. ഇത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി. വിവിധ അപേക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ സർക്കാർ, മുദ്രപത്രം വില്പന മാത്രം ഭാഗികമായാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. ഇപ്പോഴും വെൻഡർമാരിലൂടെ മാത്രമെ മുദ്രപത്രം ലഭ്യമാകൂ എന്നതിനാൽ ആവശ്യക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു. രാവിലെ ടോക്കൺ ലഭിച്ചാലും വൈകിട്ടോടെ മാത്രമേ പലപ്പോഴും മുദ്രപത്രം കൈയിൽ കിട്ടുകയുള്ളൂ. ഒന്നാം പാർട്ടിയുടെയും രണ്ടാം പാർട്ടിയുടെയും മേൽവിലാസങ്ങൾ നൽകി, മൊബൈലിൽ വരുന്ന ഒ.ടി.പി കൂടി രേഖപ്പെടുത്തി സ്റ്റാമ്പ് പേപ്പർ തയ്യാറാക്കാൻ കുറഞ്ഞത് 15 മിനിറ്റെങ്കിലുമെടുക്കും.

മഴയും വെയിലും സഹിച്ച് കാത്തുനിൽപ്പ്

ആലുവയിലെ മുദ്രപത്ര വില്പന കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നിൽക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വാട്ടർ അതോറിട്ടിക്ക് സമീപം റോഡരികിൽ ഷെഡ് കെട്ടിയാണ് വർഷങ്ങളായി വില്പന നടക്കുന്നത്. മഴയായാലും വെയിലായാലും റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്. മുദ്രപത്ര ക്ഷാമം നേരിട്ട ഘട്ടങ്ങളിൽ ക്യൂ നിന്നവർ തലകറങ്ങി വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സുതാര്യമാക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ

മുദ്രപത്രം ആവശ്യക്കാർക്ക് നേരിട്ട് പണമടച്ച് ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ സുതാര്യമാക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ആലുവ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ ടി.കെ.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.എം.അബ്ദുൾകരീം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.എ.കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡി.പ്രഭാത്, സി.ഐ.സുധീർ, എ.ജസീന എന്നിവർ സംസാരിച്ചു.