തുടർഭരണം അനിവാര്യമാണെന്നത് ജനങ്ങളുടെ ബോധ്യം:എം.വി.ഗോവിന്ദൻ
കണ്ണൂർ: ജനകീയ പിന്തുണയോടെയാണ് എൽ.ഡി.എഫ് സർക്കാർ ബദൽ നയങ്ങൾ നടപ്പാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.മമ്പറത്ത് ധർമടം മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദീർഘ വീക്ഷണത്തോടെ വികസന നയങ്ങൾ രൂപപ്പെടുത്തിയ സർക്കാരും നാട് വികസിക്കണമെന്ന് അവബോധമുള്ള ജനതയുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം.വികസന തുടർച്ചയ്ക്ക് തുടർ ഭരണം അനിവാര്യമാണെന്നത് ജനങ്ങളുടെ ബോധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് വികസന പ്രവർത്തനങ്ങളെയും എതിർക്കുകയായിരുന്നു യു.ഡി.എഫ്.കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിലും ഒരു ക്ഷേമ പദ്ധതിയും മുടക്കിയിട്ടില്ല.അതിദാരിദ്യം മാറ്റാനായി.ദാരിദ്ര്യം കൂടി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പെൻഷൻ കൂട്ടിയതും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ആനുകൂല്യ പ്രഖ്യാപനവും.വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തേക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിന് കേരളീയ സമൂഹത്തെ പ്രാപ്തമാക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമെന്നും അതുകൊണ്ടാണ് തുടർഭരണം അനിവാര്യമാകുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.