എതിരാളികൾക്ക് നേരും നെറിയും ഇല്ല :മുഖ്യമന്ത്രി
കണ്ണൂർ: എൽ.ഡി.എഫിനെതിരെ കള്ളം പ്രചരിപ്പിക്കാൻ എതിരാളികൾ നേരും നെറിയും ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.യഥാർഥ വസ്തുതകൾ ജനങ്ങളിലെത്തിക്കുന്നതിനാണ് തിരഞ്ഞടുപ്പിൽ ശ്രദ്ധിക്കേണ്ടത്. ഇത്തരം കള്ളങ്ങൾക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകർക്ക് നന്നായി സംവദിക്കാനാകണമെന്നും മമ്പറത്ത് ധർമ്മടം മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ അദ്ദേഹം പറഞ്ഞു.
നുണ ശക്തമായി പറയുക, സത്യമാണെന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിക്കുക, ആവർത്തിച്ച് പറയുക എന്നതാണ് അവരുടെ രീതി. നേരായ രീതിയിൽ എൽ.ഡി.എഫിനെ എതിർക്കാൻ പ്രയാസമാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് എതിരാളികൾ ഈ നിലപാട് സ്വീകരിക്കുന്നത്. ചില നുണകൾ ബോധപൂർവം സൃഷ്ടിക്കുകയാണ്. അത് കൃത്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. പരസ്യമായല്ല , വീടുകളിൽ ചെന്നാണ് തീർത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്. എൽ.ഡി.എഫിനെതിരായ നുണക്കഥകൾക്ക് അധികം ആയുസുണ്ടാകില്ല. പാവപ്പെട്ട ചിലരെ തെറ്റിദ്ധരിപ്പിക്കാനാകും. യഥാർത്ഥ കാര്യങ്ങൾ അവരിൽ എത്തുന്നത് വരെയേ അങ്ങനെ തെറ്റിദ്ധരിപ്പിക്കാനാകുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.