ഗ്യാസ് ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പ്
തിരുവനന്തപുരം:ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണിത്.തട്ടിപ്പുകാർ മൊബൈൽ ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശം അയക്കും.തുടർന്ന് വാട്സാപ്പ് വഴി 'GAS BILL UPDATE APK' എന്ന പേരിലുള്ള ഫയൽ അയച്ചു നൽകും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെടും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും.ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യു.പി.ഐ പിൻ നമ്പറുകളും ചോർത്തി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയാണ് രീതി.
ജാഗ്രത വേണമെന്ന് പൊലീസ്
അപരിചിത ലിങ്കുകൾ ഒഴിവാക്കണമെന്നും വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും പൊലീസ് നിർദ്ദേശിച്ചു. സിലിണ്ടർ ബുക്കിംഗിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കണം.അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ ബാങ്ക് വിവരങ്ങളും മറ്റും നൽകരുത്. തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യണം.