കണ്ണൂര്‍, കോന്നി, ഇടുക്കി, കൊച്ചി മണ്ഡലങ്ങളില്‍ തര്‍ക്കം അതിരൂക്ഷം; രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

Wednesday 18 March 2026 11:33 PM IST

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ധാരണയാകാതെ കോണ്‍ഗ്രസ്. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പാര്‍ട്ടിക്ക് കീറാമുട്ടിയായിരിക്കുന്നത്. സുധാകരന്റെ സമ്മര്‍ദ്ദം എഐസിസി നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി. അതേസമയം കേരളത്തിലെ തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയാണുള്ളത്.

എഐസിസി യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ പ്രത്യേക യോഗമാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനവും അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങളും നേതാക്കള്‍ എഐസിസിയെ അറിയിച്ചു. എന്നാല്‍ സുധാകരന്‍ വഴങ്ങാതിരിക്കുന്നത് കേന്ദ്ര തീരുമാനത്തെക്കൂടി വെല്ലുവിളിക്കുന്നതാണെന്ന കാഴ്ചപ്പാടാണ് ഖാര്‍ഗെയ്ക്കുള്ളത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍.

കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ക്ക് മാത്രമായി ഇളവ് അനുവദിക്കാനാകില്ല എന്ന തീരുമാനമാണ് ഖാര്‍ഗെയ്ക്കുള്ളത്. ഈ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധിക്കും. കേരളത്തിലെ സ്ഥിതികള്‍ നേതാക്കള്‍ വിശദീകരിച്ചിരുന്നു. എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍ തങ്ങള്‍ മത്സരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നുവെന്നും അതിലും സമവായമായില്ല എന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വം കേട്ടു. കണ്ണൂരും കോന്നിയും കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലങ്ങളാണ്.

അതേസമയം മറ്റ് ചില മണ്ഡലങ്ങളെക്കുറിച്ചും തര്‍ക്കമുണ്ട്. കൊച്ചി, ഇടുക്കി മണ്ഡലങ്ങളില്‍ തര്‍ക്കം അതിരൂക്ഷമാണ്. ഈ സീറ്റുകളെച്ചൊല്ലി കെസി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങളിലും തര്‍ക്കമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം എന്ന സതീശന്റെ വാക്ക് 80 മണിക്കൂറുകള്‍ പിന്നിടുമ്പോഴും കീറാമുട്ടിയായി പല മണ്ഡലങ്ങളും തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.