കൂത്തുപറമ്പിൽ അങ്കം കുറിക്കാൻ ചുരമിറങ്ങി ജയന്തി രാജൻ

Thursday 19 March 2026 2:34 AM IST

കൽപ്പറ്റ: മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായ ജയന്തി രാജൻ കഴിഞ്ഞദിവസം ചുരമിറങ്ങി നേരെ പോയത് പാണക്കാട്ടേക്ക്. ''വരുന്ന നിയമസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ജയന്തിയും ഉണ്ടാവണം. അതിനു കഠിനപ്രയത്നം വേണം. വിജയം കൈവരിക്കണം. എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും..."" പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജയന്തിയോട് പറഞ്ഞു.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സാരഥിയായി ജനവിധി തേടാൻ മുസ്ലിം ലീഗ് തീരുമാനിച്ചത് വയനാട് ജില്ലയിലെ പുൽപ്പള്ളി ഇരുളം തുളസിത്തറയിൽ പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകൾ ജയന്തി രാജനെ (47). മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള ഏക വനിതയാണിവർ. ജയന്തി രാജനു കെട്ടിവയ്ക്കാനുള്ള തുക ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി കമ്മിറ്റിയാണ് നൽകിയത്. വനിതാ ലീഗ് വയനാട് ജില്ലാ സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു. മുസ്ലിം ലീഗിന്റെ ദളിത് മുഖം കൂടിയായ ജയന്തി, വയനാട്ടിലെ സാധാരണ കുടുംബത്തിൽ നിന്നാണ് ലീഗ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തപ്പെട്ടത്. ലീഗ് ദേശീയ കമ്മിറ്റിയിലെ ആദ്യ വനിതയാണ്.

2010ൽ പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. അഞ്ചുകുന്ന് ഡിവിഷനിൽ നിന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജനാണ് ഭർത്താവ്. സോഫ്റ്റ് വെയർ എൻജിനിയറായ രാജീവ് രാജൻ, മെഡിക്കൽ വിദ്യാർത്ഥിനി രഞ്ജുഷ രാജൻ എന്നിവർ മക്കൾ.

കഴിഞ്ഞ മാസം മുസ്ലിം ലീഗ് വയനാട്ടിൽ ഒരു യഥാർത്ഥ കേരള സ്റ്റോറിയുടെ ഉദാത്ത മാതൃക പണിതിട്ടുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഉരുൾ ബാധിതർക്കായി 51വീടുകളുടെ താക്കോൽ കൈമാറി. അതാണ് മുസ്ലിം ലീഗ് പാർട്ടിയുടെ പാരമ്പര്യം. സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമങ്ങൾക്കായി പോരാടും.

- ജയന്തി രാജൻ