ബെന്നി ബഹനാൻ കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയിലേക്ക്
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷന്റെ താത്കാലിക ചുമതലയിലേക്ക് ബെന്നിബഹനാൻ എം.പി എത്തിയേക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് മാറ്റം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് പകരവും പുതിയ ചുമതലക്കാർ എത്തും. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ്. ജോയി, പാലക്കാട് പ്രസിഡന്റ് എ. തങ്കപ്പൻ, തിരുവനന്തപുരം ചുമതലക്കാരൻ എൻ.ശക്തൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. കെ.പി.സി.സി പ്രസിഡന്റ് മാറുന്ന മുറയ്ക്ക് ഡി.സി.സി അദ്ധ്യക്ഷന്മാർക്കും മാറ്റമുണ്ടാവും.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ബെന്നി 1978-79-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 79-82-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. 1982-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2019ലും 2024ലും ലോക് സഭ തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ വിജയിച്ചു.