ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ശ്രേയാംസ്‌കുമാർ മത്സരിക്കില്ല
Thursday 19 March 2026 2:39 AM IST
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ മത്സരിക്കില്ല. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽകുമാറും മത്സരിക്കും. കഴിഞ്ഞ അഞ്ചു തവണ ശ്രേയാംസ്കുമാറാണ് കൽപ്പറ്റയിൽ മത്സരിച്ചത്. രണ്ടുതവണ വിജയിച്ചു. മറ്റുള്ളവർക്ക് അവസരം നൽകാനാണ് ഇത്തവണ മത്സരിക്കാത്തതെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു.
വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു അനിൽകുമാർ. കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനന്റെ സഹോദരപുത്രനും പി.ആർ കുറുപ്പിന്റെ ചെറുമകനുമായ പി.കെ. പ്രവീണാണ്. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റാണ് എം.കെ.ഭാസ്‌കരൻ. ആർ.ജെ.ഡി നേതാവ് സലീം മടവൂർ കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്രനാകും.