താനൂരിൽ താത്പര്യമില്ല, പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി അബ്ദുറഹിമാൻ

Thursday 19 March 2026 12:41 AM IST

മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞു മൂന്നുദിവസം പിന്നിട്ടിട്ടും താനൂരിൽ പ്രചാരണത്തിനിറങ്ങാതെ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായ മന്ത്രി വി.അബ്ദുറഹിമാൻ. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിടാനും അദ്ദേഹം തയ്യാറായിട്ടില്ല.

താനൂരിൽ മത്സരിക്കാനില്ലെന്ന് നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ ഉറച്ച സീറ്റായ പൊന്നാനിയിലേക്ക് നോട്ടമിട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. തിരൂർ, തവനൂർ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു. തിരൂർ ജന്മനാട് കൂടിയാണ്. നേരത്തെ തിരൂർ നഗരസഭ വൈസ് ചെയർമാനുമായിരുന്നു.

എന്നാൽ,​ താനൂരിൽ അബ്ദുറഹിമാൻ മത്സരിച്ചില്ലെങ്കിൽ പാർട്ടിക്ക് വിജയസാദ്ധ്യത കുറവാണെന്ന് വിലയിരുത്തിയ സി.പി.എം വിസമ്മതം മുഖവിലയ്‌ക്കെടുത്തില്ല.

പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലെ കോൺഗ്രസ്-ലീഗ് ഭിന്നതയിലെ വോട്ടുചോർച്ചയാണ് കഴിഞ്ഞ രണ്ടുതവണയും അബ്ദുറഹിമാന്റെ വിജയമുറപ്പിച്ചത്. മുൻ കോൺഗ്രസുകാരനായ അബ്ദുറഹിമാനെ മത്സരിപ്പിക്കുന്നതിലൂടെ സി.പി.എം ലക്ഷ്യമിടുന്നതും ഇതാണ്.

എന്നാൽ,​ ഇത്തവണ കാര്യങ്ങൾ അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് അബ്ദുറഹിമാൻ.

താനൂർ നഗരസഭയും അഞ്ച് പഞ്ചായത്തുകളും അടങ്ങിയതാണ് താനൂർ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ആറിൽ നാലും യു.ഡി.എഫിനൊപ്പമാണ്. നിറമരുതൂരിൽ ഇടതും പൊന്മുണ്ടത്ത് കോൺഗ്രസും സി.പി.എമ്മും ഉൾപ്പെട്ട സഖ്യവുമാണ്.

പൊന്മുണ്ടത്തെ ഭിന്നത നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ താനൂരിൽ 985 വോട്ടിനാണ് അബ്ദുറഹിമാന്റെ വിജയം. 2016ൽ 4,918 വോട്ടായിരുന്നു ഭൂരിപക്ഷം. ലോക്‌സഭയിൽ 40,000ത്തോളം വോട്ടിന്റെയും തദ്ദേശ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടിന്റെയും ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്.