ആലപ്പുഴ കോൺഗ്രസിൽ വീണ്ടും രാജി

Thursday 19 March 2026 2:42 AM IST

ആലപ്പുഴ: ആലപ്പുഴയിൽ കോൺഗ്രസിനു തലവേദനയായി വീണ്ടും രാജി. ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറൽ സെക്രട്ടറി കെ.ഗോപകുമാറുമാണ് ഇന്നലെ രാജിവച്ചത്. കുട്ടനാട് നിയമസഭാ സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചാണിത്. 50ഓളം പ്രവർത്തകർ രാജിവച്ച് പാർട്ടി വിടുമെന്ന് ഇരുവരും അറിയിച്ചു. സജി ജോസഫ് കുട്ടനാട്ടിൽ മത്സരിക്കും. രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിനു കൈമാറി.

ജോസഫ് ഗ്രൂപ്പിന് കൈമാറിയ സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്നും യു.ഡി.എഫിന് വിജയിക്കാവുന്ന മണ്ഡലമായിട്ടും വർഷങ്ങളായി ജോസഫ് ഗ്രൂപ്പിന് സീറ്റ് കൈമാറി അവസരം നഷ്ടപ്പെടുത്തുകയാണ് നേതൃത്വം ചെയ്യുന്നതെന്നും സജി ജോസഫും ഗോപകുമാറും ആരോപിച്ചു. മാദ്ധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സജിയുടെ പ്രതികരണം.

അമ്പലപ്പുഴയിൽ ജി.സുധാകരനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ജി.സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹിയായിരുന്ന ഷാനുഭൂട്ടോ സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു.