സ്ഥാനാർത്ഥി മാനദണ്ഡം വ്യക്തമാക്കണം: വനിതാലീഗ്
മലപ്പുറം: സീറ്റ് നൽകാതെ വനിതാലീഗിനെ മുസ്ലിംലീഗ് അവഗണിച്ചതായി വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഫാത്തിമ തഹ്‌ലിയ, ജയന്തി രാജൻ എന്നിവർ വനിതാലീഗിന്റെ പ്രതിനിധികളല്ല. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം.
പേരാമ്പ്രയിൽ അഡ്വ.പി.കുത്സുവിനെ പരിഗണിച്ചില്ല. സാദിഖലി തങ്ങളെ മുൾമുനയിൽ നിറുത്തി പാർട്ടിയെ വെല്ലുവിളിച്ചവർക്കാണ് സ്ഥാനാർത്ഥിത്വം. കോർപ്പറേഷനിൽ മത്സരിച്ചയാളെ വീണ്ടും നിറുത്തുന്നത് എന്തിനാണ്. എന്തുചെയ്യണമെന്ന് വനിതാലീഗ് ആലോചിക്കുന്നുണ്ട്. വനിതാലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല.
സമൂഹമാദ്ധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ല. ലീഗിന്റെ വനിതാസ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പാർട്ടിയോട് വിരോധമില്ല. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളോടാണ് വിയോജിപ്പ്. തനിക്ക് സീറ്റ് ലഭിക്കാനല്ല പോരാട്ടം. സംഘടനയ്ക്കായി അദ്ധ്വാനിക്കുന്ന നിരവധിപേർ വനിതാലീഗിലുണ്ട്. അവർക്ക് അർഹമായ പരിഗണന നൽകാത്തത് നീതികേടാണെന്നും നൂർബിന പറഞ്ഞു.