കളക്ടറേറ്റ് ഉപരോധം: ജി.സുധാകരന് ജാമ്യം

Thursday 19 March 2026 1:04 AM IST

ആലപ്പുഴ : വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ 2002 ലെ എ.കെ ആന്റണി സർക്കാരിനെതിരെ നടത്തിയ കളക്ടറേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ ജി. സുധാകരൻ ജാമ്യമെടുത്തു. 2002 സെപ്തംബർ 12ന് നടന്ന ഉപരോധവുമായി ബന്ധപ്പെട്ട് നാലുകേസുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഒരു കേസ് തീർപ്പാകുകയും മറ്റ് രണ്ട് കേസുകളിൽ സുധാകരൻ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. 2020ൽ കുറ്റപത്രം സമർപ്പിച്ച നാലാമത്തെ കേസിലാണ് ഇപ്പോൾ ജാമ്യമെടുത്തത്. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സജാതയും പി.പി ചിത്തരഞ്ജനുമുൾപ്പെടെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളും പ്രവർത്തകരുമായ 75ഓളം പേരാണ് മറ്റ് പ്രതികൾ. കേസ് ഏതാനും ആഴ്ചകൾക്ക് മുമ്പ് കോടതി പരിഗണിച്ചെങ്കിലും കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാൽ സുധാകരന് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. അഭിഭാഷകയായ ഷീബാ രാകേഷ് കോടതിയിൽ ഹാജരായി.