ശ്രീനാദേവിക്ക് വോട്ടർ പട്ടികയിലും വെട്ട്

Thursday 19 March 2026 1:07 AM IST

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കും. അടൂർ ആർ.ഡി.ഒ നടപടി തുടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നിഷേധിക്കാതിരിക്കാൻ വോട്ടർപട്ടികയിൽ പേര് താത്കാലികമായി നിലനിറുത്തും. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പേര് നീക്കംചെയ്യുക. ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവിയുടെ നീക്കം.

വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. പിന്നാലെ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പരാതിക്കാരനായ ശ്രീജിത്ത് എസ്.പിള്ള ആർ.ഡി.ഒയെ സമീപിക്കുകയായിരുന്നു. റദ്ദാക്കിയ റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.

ശ്രീനാദേവി പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്തംബർ 18ന് മരിച്ചെന്നും പരാതിയിലുണ്ട്.