കവടിയാർ കൊട്ടാരത്തിലെ കവർച്ച സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് 

Thursday 19 March 2026 1:28 AM IST

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണക്കേസിൽ സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കാൻ പൊലീസ് തീരുമാനം. കൊട്ടാരത്തിലും ഗേറ്റിലും സ്ഥാപിച്ചിട്ടുള്ളവയ്ക്കു പുറമെ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടിവി ക്യാമറകളും പരിശോധിക്കും. കഴിഞ്ഞ ദിവസം കൊട്ടാരത്തിൽ നടത്തിയ പരിശോധനയിലും തെളിവ് ലഭിക്കാതെ വന്നതോടെയാണിത്. കൊട്ടാരത്തിന് സമീപത്തെ കടകളിലെ ക്യാമറാ ദൃശ്യങ്ങൾ ഇന്നു പരിശോധിച്ചേക്കും.

അതേസമയം,​ മോഷണം നടന്ന് നാലുമാസം പിന്നിട്ടതിനാൽ സി.സി ടിവി ദൃശ്യങ്ങൾ ലഭിക്കുമോയെന്നതിൽ സംശയമുണ്ട്. മോഷണം നടന്ന ദിവസവും സമയവും കൃത്യമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടേയും സന്ദർശകരുടേയും മൊബൈൽ ഫോൺ രേഖകളാണ് പരിശോധിക്കുക. ഇവരുടെ മൊബൈൽ ലൊക്കേഷനുകളും പരിശോധിക്കും.

കൊട്ടാരത്തിലെ അംഗങ്ങളുടേയും ജീവനക്കാരുടേയും മൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ഇവ ഒത്തുനോക്കിയ ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക. മോഷണം നടന്ന കാലയളവിൽ കൊട്ടാരത്തിൽ എത്തിയവരുടെ പട്ടിക തയ്യാറാക്കി. ഇതിലുള്ളവരെ ഫോണിലൂടെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി.

മോഷണം നടന്ന് മാസങ്ങൾ പിന്നിട്ടതിനാൽ തെളിവുകളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാൽ,​ തുടർനടപടി എങ്ങനെ വേണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതും പരിഗണിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണറും ഡി.സി.പിയും അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.